അസാധാരണമായ ശരീര പ്രകൃതിയോടെ ചില മൃഗങ്ങള്‍ ജനിക്കാറുണ്ട്. പലപ്പോഴും സാധാരണയുള്ള അവയവങ്ങളില്‍ ചിലത് കുറഞ്ഞും മറ്റ് ചിലത് കൂടിയുമായിരിക്കും ഇത്തരം മൃഗങ്ങള്‍ ജനിക്കുക. മനുഷ്യരിലുമുണ്ട് ഇത്തരത്തില്‍ അസാധാരണത്വത്തോടെ ജനിച്ച് വീഴുന്നവര്‍. ഇത്തരത്തില്‍ ജനിക്കുന്ന മൃഗങ്ങളില്‍ ചിലത് അതിജീവിക്കുകയും മറ്റ് ചിലത് ചെറുപ്പത്തില്‍ തന്നെ മരിക്കുകയും ചെയ്യുന്നു. സാധാരണത്വം നഷ്ടപ്പെടുന്ന ഇത്തരം മൃഗങ്ങളെ കൂട്ടത്തിലുള്ള മറ്റ് മൃഗങ്ങള്‍ അവരോടൊപ്പം ചേര്‍ക്കാത്തതാണ് അവയുടെ അതിജീവനം പ്രതിസന്ധിയിലാക്കുന്നതും.
ഓസ്ട്രേലിയയിലെ വടക്കന്‍ ക്വീന്ലാന്റിന് സമീപത്തെ കൈരി ഹോബി ഫാമിലെ ഒരു കോഴി ഇപ്പോള്‍ അത്തരം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. മറ്റ് കോഴികളില്‍ നിന്നും ഈ കോഴിയെ വ്യത്യസ്തനാക്കുന്നത് അതിന്റെ നാല് കാലുകളാണ്. ഈ അസാധാരണത്വം കാരണം മറ്റ് കോഴികള്‍ അവളെ അവയുടെ കൂട്ടത്തില്‍ കൂട്ടുന്നില്ലെന്ന് ഫാം ഉടമ പറയുന്നു. മറ്റ് കോഴികള്‍ അതിനെ നിരന്തരം അക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. ഈ കോഴിക്ക് പോളിമെലിയ ( ഒന്നോ അതിലധികമോ അധിക അവയവങ്ങൾ വളരുന്ന ഒരു അപൂർവ അവസ്ഥ ) എന്ന രോഗം ബാധിച്ചതാണ്.
കഴിഞ്ഞ ആഴ്ച തന്റെ സാമൂഹിക മാധ്യമ പേജിലൂടെ കൈരി ഹോബി ഫാം ഉടമ ജെസ് ലീമിംഗ്, തന്റെ കോഴിയുടെ അവസ്ഥ വിവരിച്ചതോടെയാണ് ഈ അസാധാരണത്വമുള്ള കോഴി മൃഗസ്നേഹികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. മറ്റ് കോഴികള്‍ അതിനെ മാത്രം തെരഞ്ഞ് പിടിച്ച് അക്രമിക്കുന്നതില്‍ സങ്കടപ്പെട്ടുകൊണ്ടാണ് ഉടമ സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടത്. അദ്ദേഹം ഇങ്ങനെ എഴുതി.' എനിക്ക് നാല് കാലുള്ള ഒരു കോഴിയുണ്ട്. ആര്‍ക്കെങ്കിലും അതിനെ ഏറ്റെടുക്കാന്‍ താത്പര്യമുണ്ടോ? അവളുടെ നട്ടെല്ലില്‍ മുറിവേറ്റുണ്ടായ ഒരു വ്രണമുണ്ട്. ആരെങ്കിലും അവളെ ഏറ്റെടുത്തില്ലെങ്കില്‍ അതിന്റെ ദിവസങ്ങള്‍ പരിമിതമാണെന്ന് ഞാന്‍ കരുതുന്നു. അസാധാരണത്വമുള്ള കോഴി മറ്റ് ജീവികളില്‍ നിന്ന് ആക്രമണം നേരിട്ടേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. എന്നാല്‍, അധികമുള്ള രണ്ട് കാലുകള്‍ ആ കോഴിക്ക് ഒരു ശല്യമായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് കുറിപ്പിട്ടതിന് പിന്നാലെ കോഴിക്ക് നേരെ അപമാനകരമായ ചില കുറിപ്പുകള്‍ എഴുതപ്പെട്ടെന്ന് ജെസ് ലീമിംഗ് പീന്നീട് പറഞ്ഞു. നിരവധി പേര് കോഴിയെ കളിക്കാക്കിക്കൊണ്ട് പോസ്റ്റില്‍ കുറിപ്പുകളിട്ടു. നായയെയും പൂച്ചയെയും സ്നേഹിക്കുന്നവരെ കണ്ടിട്ടുണ്ട്. ഇതൊരു കോഴിക്ക് വേണ്ടിയെന്നായിരുന്നു പലരുടെയും കമന്റ്. എന്നാല്‍, കോഴിയുടെ നിസഹായാവസ്ഥ മനസിലാക്കിയ പ്രാദേശിക വന്യജീവി സംരക്ഷകനായ ഒലിവ് നീധം കോഴിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചു. മാത്രമല്ല ശസ്ത്രക്രിയയിലൂടെ കോഴിയുടെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതേ തുടര്‍ന്ന് കോഴി പുതിയ വീട്ടിലേക്ക് മാറുമെന്ന് ഓസ്ട്രേലിയന്‍ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.