അഹമ്മദാബാദ്: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്. ഗുജറാത്തികളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പരാതി. ‘രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഗുജറാത്തികള്‍ക്ക് മാത്രമേ കൊള്ളക്കാരാകാന്‍ കഴിയൂ’ എന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി. സന്നദ്ധസംഘടനാ പ്രവര്‍ത്തകനായ ഹരേഷ് മേത്തയാണ് അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 499, 500 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം. മാര്‍ച്ച് 21ന് പട്നയിലാണ് കേസിനാസ്പദമായ പരാമര്‍ശം തേജസ്വി യാദവ് നടത്തിയത്. ഈ സമയത്ത് ഗുജറാത്തുകാര്‍ക്ക് മാത്രമേ കൊള്ളക്കാരാകാന്‍ കഴിയൂ. അവരുടെ തട്ടിപ്പുകള്‍ പൊറുക്കപ്പെടുമായിരിക്കും. പക്ഷെ അവര്‍ എല്‍.ഐ.സിയിലെയോ ബാങ്കുകളിലെയോ പണമെടുത്ത് കടന്ന് കളഞ്ഞാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് തേജസ്വി യാദവ് പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.