തൃശ്ശൂർ ചൊവ്വന്നൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിംഗ് അടർന്ന് വീണ് വനിതാ ഡോക്ടർക്കും മൂന്നാം ക്ലാസി വിദ്യാർത്ഥിക്കും പരുക്കേറ്റു. ചെമ്മന്തിട്ടയിൽ പ്രവർത്തിക്കുന്ന ചൊവ്വന്നൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.ആറ് മാസം മുൻപാണ് നിർമ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്
ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം,കുട്ടികളടക്കം നിരവധി രോഗികൾ ഉള്ളപ്പോഴായിരുന്നു വൻ ശബ്ദത്തോട് കൂടി സീലിംഗ് അടർന്ന് വീണത്.അപകടത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് തലയ്ക്കും,മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് കാലിനും പരിക്കേറ്റു. ഒപി നടക്കുന്ന സമയമായതിനാൽ ആരോഗ്യ കേന്ദ്രത്തിൽ രോഗികളുടെ തിരക്കുണ്ടായിരുന്നു.വൻ ശബ്ദം കേട്ട് രോഗികളിൽ പലരും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.നിർമ്മാണത്തിലെ അപാകതയാണ് സീലിംഗ് തകർന്ന് വീഴാൻ കാരണമെന്നാണ് ആരോപണം.
കുടുബാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് നിലകളിലെ സീലിംഗും തകർന്ന് വീണിട്ടുണ്ട്.ചിലയിടങ്ങളിലെ പാർട്ടീഷൻ വാളുകളും തകർന്നു. സീലിംഗ് തകർന്ന് വീണതിനെ തുടർന്ന് ആരോഗ്യ കേന്ദ്രത്തിന്റെ പുറക് വശത്തേക്ക് ഒ.പി ചികിത്സ താത്കാലികമായി മാറ്റിയിട്ടുണ്ട്.അതേസമയം ഡോക്ടറുടേയും, വിദ്യാർത്ഥിനിയുടേയും പരിക്ക് ഗുരുതരമല്ല.