ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ ഇത്തവണ അഞ്ഞൂറിലേറെ പര്‍വതാരോഹകര്‍ എത്തുമെന്ന പ്രതീക്ഷയിൽ നേപ്പാള്‍ ടൂറിസം വകുപ്പ്. നേപ്പാളില്‍ എവറസ്റ്റ് കയറുന്നതിനുള്ള സീസണ് മെയ് രണ്ടാമത്തെ ആഴ്ചയിൽ ആരംഭിക്കും. കൊറോണക്കേസുകള്‍ വര്‍ധിക്കുന്നതും മോശം കാലാവസ്ഥയും ഈ സീസണിനെ ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ടെങ്കിലും സാധാരണയിലും കൂടുതല്‍ എവറസ്റ്റ് പെര്‍മിറ്റുകള്‍ ഇത്തവണ നല്‍കേണ്ടി വരുമെന്നാണ് എവറസ്റ്റ് സമ്മിറ്റ് സംഘാടകരുടെ പ്രതീക്ഷ.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ലഭിക്കുന്ന ബുക്കിങ്ങുകളും അന്വേഷണങ്ങളും വിശകലനം ചെയ്താണ് ഈ സീസണിലെത്തുന്നവരുടെ കണക്ക് എടുത്തിരിക്കുന്നത്. 409 എവറസ്റ്റ് പെര്‍മിറ്റുകളാണ് 2021 ല്‍ നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയത്. 2022 ല്‍ ഇത് 325 ആയി കുറഞ്ഞു. യുക്രൈന്-റഷ്യ യുദ്ധം കാരണം ഈ രാജ്യങ്ങളില്‍ നിന്നും പോളണ്ട് ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച പര്‍വതാരോഹകര്‍ കഴിഞ്ഞ വര്‍ഷമെത്തിയില്ല.
പര്‍വതാരോഹകരുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് അധികൃതര്‍ ചില നിയന്ത്രണങ്ങളും കൊണ്ടുവരും. ഒരു ദിവസം കയറാവുന്ന പര്‍വതാരോഹകരുടെ എണ്ണം പരിമിതപ്പെടുത്തും. വിദേശികള്‍ക്ക് എവറസ്റ്റ് പെർമിറ്റ് എടുക്കുന്നതിന് മാത്രം ഏകദേശം 9 ലക്ഷം രൂപയോളം ചിലവ് വരും. ഏകദേശം നാല്‍പ്പത് ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ് എവറസ്റ്റ് കീഴടക്കുന്നതിന് ഒരു പര്വതാരോഹകന് വരുന്ന ആകെ ചെലവ്. നല്ല അനുഭവപരിചയമുള്ള ഒരു എവറസ്റ്റ് ഗൈഡിന് 45 ദിവസത്തെ ഒരു സീസണില്‍ പത്ത് ലക്ഷം രൂപയോളം വരുമാനം നേടാന്‍ സാധിക്കും. പര്‍വതാരോഹകരുടെ സഹായികളായ ഷെര്‍പ്പകള്‍ 3.5 ലക്ഷം രൂപവരെയും സമ്പാദിക്കാറുണ്ട്.