തിരുവനന്തപുരം: ഏഴ് വയസുകാരനെ ഭയപ്പെടുത്തി പത്തി എടുത്ത് പിന്നാലെ ഇഴഞ്ഞ പാമ്പിനെ വനം വകുപ്പ് ആർ ആർ ടി അംഗം രോഷ്നി എത്തി പിടികൂടി. തിങ്കളാഴ്ച ഉച്ചയോടെ ആണ് സംഭവം ആര്യനാട് രാജൻ്റെ രതീഷ് ഭവനിൽ ആയിരുന്നു അപ്രതീക്ഷിത അതിഥി എത്തിയത്.
വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ പത്തി വിരിച്ചു നിന്ന മൂർഖൻ ഭയന്ന് ഓടിയ കുട്ടിക്ക് പിന്നാലെ കൂടുകയും കുട്ടി വീടിനുള്ളിൽ കയറുകയും മൂർഖൻ വീടിന്റെ പടികെട്ടുകൾക്ക് അടിയിലേക്ക് പതുങ്ങുകയും ചെയ്തു.. കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാർ ഉടൻ വനം വകുപ്പിൽ സംഭവം അറിയിച്ചു.
ഉടൻ തന്നെ ആർ ആർ ടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രോഷ്നി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കുട്ടിയുടെയും വീട്ടുകാരുടെയും ഭയത്തിന് സമാധാനം ഉണ്ടാക്കി. മൂർഖനെ പരുത്തിപള്ളി വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു. ഇതിനെ ഉൾക്കാട്ടിൽ പിന്നീട് തുറന്നുവിടും എന്ന് വണം വകുപ്പ് അധികൃതർ അറിയിച്ചു.
വേനൽ കടുത്തതോടെ വീടുകൾക്കുള്ളിലും കിണറ്റിലും പാഴ്വസ്തുക്കൾ കൂട്ടിയിടുന്നിടങ്ങളിലും പാമ്പുകൾ അഭയം തേടുന്നത് വർധിക്കുകയാണ്. ഇതോടെ ജനങ്ങളും ഭീതിയിലാണ് അടുത്തിടെ വെള്ളനാട് ഭാഗത്ത് നിന്ന് രണ്ട് മൂർഖൻ പാമ്പുകളെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായി പിടികൂടി കാട്ടിൽവിട്ടത്.
കഴിഞ്ഞദിവസങ്ങളിൽ ആര്യനാട്, കോട്ടക്കകം, ഉഴമലക്കൽ, നെടുമങ്ങാട്, പാലോട് എന്നിവങ്ങളിൽ നിന്ന് പെരുമ്പാനെയും മൂർഖനെയും രാജവെമ്പാലയെയും വനംവകുപ്പ് ജീവനക്കാർ എത്തി പിടികൂടിയിരുന്നു. പാലോട് റെയിഞ്ചിന് കീഴിൽ മാടൻ കരിക്കകം നാല് സെന്റ് കോളനിയിൽ രതീഷിന്റെ പുരയിടത്തിൽ നിന്നാണ് പാലോട് ആർ ആർ ടി അംഗങ്ങൾ രാജവെമ്പലയെ പിടികൂടിയത്.