തിരുവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ പൊലീസിന് നേരെ കല്ലേറ്. ആക്രമണത്തില്‍ സിവിൽ പൊലീസ് ഓഫീസറുടെ മൂക്കിന്റെ പാലം തകർന്നു. കാട്ടാൽ ഭദ്രകാളി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് കാട്ടാക്കട അഞ്ചുതെങ്ങ് മൂട് നടന സ്റ്റേജ് പരിപാടിക്കിടെയാണ് പൊലീസിന് നേരെ ആക്രമണം നടന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത യുവാക്കള്‍ പൊലീസിനെ ആക്രമിച്ച സംഘത്തില്‍ ഉൾപ്പെട്ടവർ അല്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കല്ലേറില്‍ ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വെള്ളറട സ്വദേശി രാജേന്ദ്രന്റെ മൂക്കിൻറെ പാലമാണ് തകർന്നത്. രക്തം വാർന്ന പൊലീസുകാരനെ സഹപ്രവർത്തകർ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ യുവാക്കൾ അല്ല ആക്രമണം നടത്തിയത് എന്ന് ആരോപണം ഉയരുന്നു. പൂവച്ചൽ നാവട്ടികോണം സ്വദേശി പ്രണവ് 29, തൂങ്ങാമ്പാറ വെള്ളമാണൂർകോണം സ്വദേശി ആകാശ് 24 ,പതിനേഴു വയസായ ആൾ എന്നിവരെയാണ് പൊലീസിനെ ആക്രമിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്തത് കമ്മിറ്റിക്കാരുടേയും പൊലീസിന്റേയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പാട്ടിന് നൃത്തം ചെയ്ത യുവാക്കളെ ആണെന്നാണ് ആരോപണം. ഇവരല്ല പൊലീസിനെ ആക്രമിച്ചതെന്നും ആള്‍ക്കൂട്ടില്‍ നിന്നും ആരോ കല്ലെറിയുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാത്തതിന് യുവാക്കളെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയെന്നാണ് ആരോപണം.
പരിപാടി നടന്ന സ്റ്റേജിനു മുന്നിൽ നിന്നാണ് യുവാക്കൾ ഡാന്‍സ് കളിച്ചത്. അതേസമയം പൊലീസുകാര്‍ക്കെതിരെ കല്ലെത്തിയത് ആളുകൾ ഇരുന്നതിന് പുറകു വശത്ത് നിന്നാണ് എന്നും പറയുന്നു. എന്നാല്‍ പൊലീസ് ജുവനൈൽ ഉൾപ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ് റെജിസ്റ്റർ ചെയ്തു മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ ഒരുങ്ങുകയാണ്. നിരപരാധികളായ യുവാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച് അവരുടെ ഭാവി തകർക്കുന്ന നടപടി കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പല തവണയായി സംഭവിക്കുന്നുണ്ടെന്ന് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് സനൽ കുമാറും ആരോപിച്ചു. കേസില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികലെ കണ്ടെത്തി കടുത്ത നടപടി ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.