പലചരക്ക് കടയില്‍ നിന്ന് 13,000 രൂപ മോഷ്ടിച്ച് എലി. കൊല്‍ക്കത്തിയിലെ മിഡ്നാപൂരിലാണ് സംഭവം. കടയില്‍ പണം സൂക്ഷിച്ചിരുന്ന ഡ്രോയറിലെ വിടവിലൂടെയായിരുന്നു എലി വിദഗ്ധമായി പണം ‘മോഷ്ടിച്ചത്’. മോഷ്ടിച്ച പണം രഹസ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പരിശോധനയില്‍ എലിയുടെ മാളത്തില്‍ നിന്ന് 12,700 രൂപയാണ് ഉടമയ്ക്ക് തിരികെ ലഭിച്ചത്.
മിഡ്നാപൂരിലെ അമല്‍ കുമാര്‍ മൈത്തി എന്ന പലചരക്ക് വ്യാപാരിയുടെ കടയിലാണ് എലിയുടെ മോഷണം. എല്ലാ ദിവസവും പോലെ ബുധനാഴ്ചയും അമല്‍കുമാര്‍ രാത്രിയോടെ കടയടച്ചു. പിറ്റേന്ന് രാവിലെ 9 മണിയോടെ കട തുറന്നപ്പോഴാണ് കളക്ഷനില്‍ കുറവുണ്ടെന്ന് അറിയുന്നത്.
‘ഒരു ജോലിക്കാരന് മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. അവനെ എനിക്ക് അവിശ്വസിക്കാന്‍ തോന്നിയില്ല. മാത്രമല്ല പണം സൂക്ഷിക്കുന്ന ഡ്രോയറിന്റെ ചാവി എന്റെ കൈവശം തന്നെയുണ്ടായിരുന്നു. മൈതി പറഞ്ഞു. പൊലീസില്‍ പരാതിപ്പെടുന്നതിന് മുന്‍പ് സിസിടിവി പരിശോധിച്ചു. നാല് സിസിടിവി ക്യമാറകളും പരിശോധിച്ചപ്പോള്‍ ആദ്യം പ്രത്യേകിച്ച് ഒന്നും കണ്ടില്ല. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് കള്ളന് എലിയാണെന്ന് മനസിലായത്.
എലി നോട്ടുകള്‍ കടിച്ചെടുത്ത് ഒരു കുഴിയില്‍ പോകുന്നതാണ് സിസിടിവിയില്‍ കാണുന്നത്. അല്‍പ്പസമയത്തിനകം വീണ്ടും പുറത്തുവരികയും വീണ്ടും നോട്ടെടുക്കുകയും ചെയ്തു. 12,700 രൂപയാണ് എലിയുടെ മാളത്തില്‍ നിന്ന് തിരികെ കിട്ടിയതെന്ന് കടയുടമ പറഞ്ഞു.എന്നാല്‍ 300 രൂപ ഇപ്പോഴും കാണാനില്ലെന്നും അമല്‍കുമാര്‍ പറഞ്ഞു.