ഇംഫാല്‍: വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ അസം റൈഫിള്‍സും സൈന്യവും ചേര്‍ന്ന് 23,000 പേരെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. ഇവരെ സൈനിക ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഇതുവരെ പ്രദേശത്ത് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് സൈന്യം അറിയിച്ചു.
കര്‍ഫ്യൂ സമയം രാവിലെ ഏഴ് മണി മുതല്‍ 10 വരെയായി ചുരുക്കിയിട്ടുമുണ്ട്.അസം റൈഫിള്‍സിന്റെയും സൈന്യത്തിന്റെയും 120-ലധികം യൂണിറ്റുകളെയാണ് വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറായി സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ് പ്രദേശം. പ്രദേശത്ത് സൈന്യം വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് വ്യോമനിരീക്ഷണം. സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണ് ഇംഫാല്‍ താഴ്വരയുള്‍പ്പെട്ട പ്രദേശം
കലാപത്തില്‍ ഇതുവരെ 55-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം. ഏതാണ്ട് 1500 പേരോളം അസമിന്റെ അതിര്‍ത്തിമേഖലകളില്‍ അഭയം പ്രാപിച്ചിട്ടുമുണ്ട്. മണിപ്പുരില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായി എട്ടോളം ക്യാമ്പുകളാണ് അസം സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്.