തീവ്രവാദ-ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ‘ഓപ്പറേഷന് ധ്വാസതിന്റെ’ ഭാഗമായി രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലായി 324 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. എന്‍.ഐ.എയും പഞ്ചാബ് പോലീസും ഹരിയാന പോലീസും സംയുകതമായാണ് റെയ്ഡ് നടത്തിയിയത്. പരിശോധനയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഗുജറാത്ത്, ചണ്ഡീഗഢ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ‘ഓപ്പറേഷന് ധ്വാസ്തിന്റെ’ ഭാഗമായി റെയ്ഡുകള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
ഓപ്പറേഷന് സമയത്ത്, എന്‍ഐഎ 129 സ്ഥലങ്ങളിലും, പഞ്ചാബ് പോലീസ് 17 ജില്ലകളിലായി 143 സ്ഥലങ്ങളിലും, ഹരിയാന പോലീസ് പത്ത് ജില്ലകളിലായി 52 സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി. തീവ്രവാദിയായ അര്‍ഷ് ദല്ലയുടെ ഭീകരബന്ധം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്.
പാക്കിസ്ഥാന്, കാനഡ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരുമായും തീവ്രവാദികളുമായും പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ്കോര്‍ സംഘങ്ങളുമായി ബന്ധപ്പെട്ട ആയുധ വിതരണക്കാര്‍, ധനസഹായം നല്കുന്നവര്, ലോജിസ്റ്റിക് ദാതാക്കള്‍, ഹവാല ഓപ്പറേറ്റര്‍മാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ഈ റെയ്ഡുകളുടെ ശ്രദ്ധ.
60 മൊബൈല്‍ ഫോണുകള്‍, അഞ്ച് ഡിവിആര്‍, 20 സിം കാര്‍ഡുകള്‍, ഒരു ഹാര്‍ഡ് ഡിസ്ക്, ഒരു പെന്‍ഡ്രൈവ്, ഒരു ഡോംഗിള്‍, 1 വൈഫൈ റൂട്ടര്‍, ഡിജിറ്റല്‍ വാച്ച്, ഒരു പിസ്റ്റള്‍, തരംതിരിച്ച വെടിമരുന്ന്, രണ്ട് മെമ്മറി കാര്‍ഡുകളും 75 രേഖകളും 39,60,000 രൂപ എന്നിവയും പിടിച്ചെടുത്തു.
എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് ഫണ്ട് നല്കി ഭീകരത പടര്‍ത്താനാണ് വിദേശത്തുള്ള ഗുണ്ടാസംഘങ്ങള്‍ ശ്രമിക്കുന്നത്. ജസ്വീന്ദര് സിംഗ് മുള്‍ട്ടാനി എസ്എഫ്ജെ സ്ഥാപകന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ അടുത്ത സഹായിയാണെന്നും വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 2020-2021 കാലയളവിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാളിനെ സിംഗ് അതിര്‍ത്തിയില്‍ വെച്ച് കൊലപ്പെടുത്താന്‍ ജസ്വീന്ദര് സിംഗ് മുള്‍ട്ടാനി ഗൂഢാലോചന നടത്തിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ ഗൂഢാലോചന നടത്തുകയും വിദേശത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടിത സംഘമാണ് ഗൂഢാലോചന നടത്തുന്നതെന്നും എന്‍ഐഎ അന്വേഷണത്തില്‍ തെളിഞ്ഞു.
ഇന്ത്യയിലെ ഗുണ്ടാസംഘങ്ങളെ നയിക്കുന്ന നിരവധി ക്രിമിനലുകള്‍ പാകിസ്ഥാന്, കാനഡ, മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും അവിടെ നിന്ന് ഇന്ത്യയിലുടനീളമുള്ള ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളുമായി ചേര്‍ന്ന് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതായും എന്‍ഐഎ കണ്ടെത്തി. മയക്കുമരുന്ന്, ആയുധക്കടത്ത്, ഹവാല, കൊള്ളയടിക്കല്‍ എന്നിവയിലൂടെ ഈ സംഘങ്ങള്‍ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നടത്തുകയും അവരുടെ നികൃഷ്ട പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയും ചെയ്തു.
നേരത്തെ 231 സ്ഥലങ്ങളില്‍ എന്‍ഐഎ നടത്തിയ പരിശോധനയില്‍ 4 മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 ആയുധങ്ങളും 1129 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. 331 ഡിജിറ്റല്‍ ഉപകരണങ്ങളും 418 രേഖകളും രണ്ട് വാഹനങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ 87 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 13 സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 10 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടുകളും മറ്റ് 14 പേര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം ഭീകര ശൃംഖലകള്‍ തകര്‍ക്കുന്നതിനും അവയുടെ ഫണ്ടിംഗ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ കുറിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.