കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം കാർഡുകൾ. 2022ന് ശേഷം ഇന്ത്യയിലാകെ 36.61 ലക്ഷം സിം കാർഡുകളാണ് ഇത്തരത്തിൽ റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾ നടത്താനാണ് ഇത്തരത്തിൽ വ്യാജ സിംകാർഡുകൾ ഉപയോഗിക്കുന്നത്. ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും നൽകിയാണ് ഇത്തരം സിമ്മുകൾ വാങ്ങുന്നത്. ടെലികോം വകുപ്പിന്റെ ‘അസ്ത്ര്’ (ASTR) എന്ന എഐ സംവിധാനത്തിലൂടെയാണ് സിം കാർഡുകൾ ബ്ലോക് ചെയ്തത്.
87 കോടി സിം കാർഡുകളുടെ വിവരങ്ങൾ ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് പരിശോധിച്ചു. 11,462 സിം കാർഡുകളാണ് കേരളത്തിൽ സംശയാസ്പദമായി റിപ്പോർട്ട് ചെയ്തത്. അതിൽ നിന്ന് പരിശോധനയ്ക്ക് ശേഷം 9,606 എണ്ണം റദ്ദാക്കി. ആകെ 3.56 കോടി സിം കാർഡുകളുടെ വിവരങ്ങളാണ് കേരളത്തിൽ അസ്ത്ര് പരിശോധിച്ചത്. വ്യാജ സിം കാർഡ് വിറ്റ 7 സ്ഥാപനങ്ങളെ (പോയിന്റ് ഓഫ് സെയിൽ) കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ കേരളത്തിലാണ് വ്യാജ സിം കാർഡുകൾ കണ്ടെത്തിയിരിക്കുന്നത്.
എന്താണ് ‘അസ്ത്ര്’? സിം എടുക്കാനായി ഉപയോക്താക്കൾ ടെലികോം കമ്പനികൾക്ക് നൽകുന്ന ചിത്രങ്ങൾ എഐ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് സാമ്യമുള്ളവ ഒരുമിച്ച് ലിസ്റ്റ് ചെയ്യും. മുഖങ്ങൾ തമ്മിൽ കുറഞ്ഞത് 97.5% സാമ്യമുണ്ടായിരിക്കണം. ഒരു ചിത്രം നൽകിയാൽ ഒരുകോടി ചിത്രങ്ങളിൽ നിന്ന് 10 സെക്കൻഡ് കൊണ്ട് അതുമായി സാമ്യമുള്ള എല്ലാ മുഖങ്ങളും കണ്ടെത്തും. ഇവയുടെ കെവൈസി രേഖകളും പേരും ഒത്തുനോക്കി വ്യത്യാസങ്ങൾ കണ്ടെത്തും. മിക്കതിലും പേരുകളും വിവരങ്ങളും വ്യത്യസ്തമായിരിക്കും. ഇവ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം റദ്ദാക്കും. ഈ നമ്പറുകളിലുള്ള അക്കൗണ്ട് നീക്കം ചെയ്യാൻ വാട്സാപ് കമ്പനിയും സമ്മതമറിയിച്ചിട്ടുണ്ട്.
ബംഗാൾ (12.34 ലക്ഷം) ആണ് വ്യാജ സം കാർഡിൽ മുന്നിൽ.ഹരിയാന (5.24 ലക്ഷം), ബിഹാർ–ജാർഖണ്ഡ് (3.27 ലക്ഷം), മധ്യപ്രദേശ് (2.28 ലക്ഷം), യുപി (2.04 ലക്ഷം), ഗുജറാത്ത് (1.29 ലക്ഷം) ബാക്കിയുള്ളവയാണ് തൊട്ടു പിന്നിലുള്ള സംസഥാനങ്ങൾ.