അഹമ്മദാബാദ്: അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000-ല്‍ അധികം സ്ത്രീകളെ കാണാതായെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2016-ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017-ല്‍ 7712, 2018-ല്‍ 9246, 2019-ല്‍ 9268, 2020-ല്‍ 8290 എന്നിങ്ങനെയാണ് കാണാതായ സ്ത്രീകളുടെ എണ്ണം. ആകെ 41,621 സ്ത്രീകളെയാണ് കാണാതായത്.2012-ല്‍ സര്‍ക്കാര്‍ നിയമസഭയില്‍വെച്ച കണക്കുകള്‍ പ്രകാരം 2019-20ല്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. കാണാതായവരില്‍ പല സ്ത്രീകളെയും ഗുജറാത്തിന് പുറത്തേക്ക് നിര്‍ബന്ധിത ലൈംഗികവൃത്തിക്കായി കയറ്റിയയക്കുകയാണെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗവുമായ സുധീര്‍ സിന്‍ഹ പറഞ്ഞു.
”സ്ത്രീകളെ കാണാതായ കേസുകള്‍ പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ല. കൊലപാതകത്തെക്കാള്‍ ഗൗരവമായി ഇത്തരം കേസുകള്‍ പരിഗണിക്കപ്പെടണം. ഒരു കുട്ടിയെ കാണാതാകുമ്പോള്‍ ആ കുടുംബം മുഴുവന്‍ വര്‍ഷങ്ങളോളമാണ് ആ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നത്. ബ്രിട്ടീഷ് കാലത്തുള്ളതുപോലുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസില്‍ ഇപ്പോള്‍ നടത്തുന്നത്”-സിന്‍ഹ പറഞ്ഞു.