യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചവശനാക്കി പണം കവർന്നവരെ പൊലീസ് പിടികൂടി. മുളവുകാട് പൊന്നാരിമംഗലം സ്വദേശികളായ വേവുകാട് വീട്ടിൽ ഫ്രാൻസിസ് ജോസഫ് (37), മുളവുകാട് നോർത്ത് കുറ്റിക്കപറമ്പിൽ ആന്റണി ലൂയിസ് കൊറയ (49), പള്ളത്തിൽവീട്ടിൽ അക്ഷയ് (19), ചുള്ളിയ്ക്കൽ വീട്ടിൽ സാജു കെ.എ. (27) എന്നിരെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്ഷയും സംഘവും ചേർന്ന് മുൻപരിചയമുള്ള പാലക്കാട് സ്വദേശിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് അവശനാക്കി പണം കവരുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ 2500 രൂപ ഗൂഗിൽ പേയായും 1000 രൂപ പേഴ്സിൽ നിന്നും പ്രതികൾ കൈക്കലാക്കി.
അറസ്റ്റ് ചെയ്ത പ്രതികളെ കൂടാതെ എബനേസർ, ശ്രീരാജ് എന്നിവരും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പരാതിക്കാരൻ അടുത്തവീട്ടിലെത്തിയാണ് സംഭവം വിശദീകരിച്ചത്. അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുളവുകാട് എസ്.എച്ച്.ഒ പി.എസ്. മൻജിത്ത് ലാൽ, എസ്.ഐ സുനേഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.