എഐ ക്യാമറ ഇടപാട് പോലെ കെ ഫോണിലും സമാനമായ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട്. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിലെ ടെൻഡർ തുകയേക്കാൾ കൂടുതൽ തുക നൽകി. കെ ഫോൺ അഴിമതിയിലും SRIT ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
എഐ ക്യാമറയിൽ എന്ന പോലെ കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആണ്. വ്യവസായ വകുപ്പിന്റെ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകും എന്ന ചോദ്യമാണ് വി ഡി സതീശൻ ഉയർത്തിയത്.
കെ ഫോളിലെ അഴിമതി സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും. വിഷയത്തിൽ നിയമനടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.