വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് ബീഡി വലിച്ച 56കാരൻ അറസ്റ്റിൽ. ആകാശ എയർലൈൻസിന്റെ അഹമ്മദാബാദ്- ബെംഗളൂരു വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് ബീഡി വലിച്ച രാജസ്ഥാൻ സ്വദേശി പ്രവീൺ കുമാറിനെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു എന്നും അതുകൊണ്ട് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് ഇയാൾ വാദിച്ചത്.
യാത്രക്കിടെ പുകമണം ശ്രദ്ധയില്‍പെട്ട ഏതാനും യാത്രികർ വിവരം ക്യാബിൻ ക്രൂവിനെ അറിയിച്ചു. പരിശോധനയിൽ പ്രവീൺ കുമാർ ശുചിമുറിയിലിരുന്ന് ബീഡി വലിക്കുന്നതായി കണ്ടെത്തി. ഇയാളെ ജീവനക്കാർ പിടികൂടുകയും ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയതോടെ പൊലീസിനു കൈമാറുകയുമായിരുന്നു. വിമാനത്തിൽ കയറും മുൻപ് നടക്കുന്ന സുരക്ഷാപരിശോധനയിൽ ബീഡി കണ്ടെത്താൻ കഴിയാതിരുന്നത് ഗുരുതര സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്.
തൻ്റെ ആദ്യ വിമാനയാത്രയായിരുന്നു ഇതെന്ന് പ്രവീൺ പൊലീസിനു മൊഴിനൽകി. നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ശുചിമുറിയിലിരുന്ന് പുക വലിക്കാറുണ്ട്. വിമാനത്തിലും ഇത് ചെയ്യാമെന്ന ധാരണയിലാണ് താൻ പുക വലിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.