ധനകോടി ചിട്ടി നിക്ഷേപ തട്ടിപ്പിനെതിരെ കൂടുതൽ പരാതികൾ. പണം നിക്ഷേപിച്ചവരും സ്ഥാപനത്തിലെ ജീവനക്കാരും ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാനത്ത് എൺപത് കോടിയോളം രൂപ നിക്ഷേപകർക്ക് നൽകാനുണ്ടെന്നാണ് കണക്ക്.
ധനകോടി ചിട്സ് ലിമിറ്റഡ് കമ്പിനിയ്ക്കെതിരെ സമരത്തിലേക്ക് കടക്കുകയാണ് നിക്ഷേപകരും ജീവനക്കാരും. 23 ബ്രാഞ്ചുകളിലായി 5000ത്തോളം നിക്ഷേപകർക്ക് എൺപത് കോടിയിലേറെ രൂപ നൽകാനുണ്ടെന്ന് ആക്ഷൻ കമ്മിറ്റി. കേസിൽ കമ്പനി ഡയറക്ടർ സജി സെബാസ്റ്റ്യനും കൂട്ടാളിയും മാത്രമാണ് അറസ്റ്റിലായത്. രണ്ടു മാസം കഴിഞ്ഞിട്ടും നിക്ഷേപിച്ച പണം എവിടെയെന്ന് ഒരുവിവരവും ഇല്ല
ഉടമകളിൽ ഒരാളായ മറ്റത്തിൽ യോഹനാൻ സ്വാധീനമുപയോഗിച്ച് ഒളിവിൽ കഴിയുന്നുവെന്നാണ് നിക്ഷേപകരുടെ ആരോപണം. ഏതാനും മാസങ്ങളായി തന്നെ ധനകോടിയുടെ വയനാട് ഹെഡ് ഓഫീസും മറ്റു ബ്രാഞ്ച് ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്.
മലപ്പുറത്ത് മാത്രം ഏഴ് ബ്രാഞ്ചുകളിലായി 14 കോടി യോളം രൂപ ലഭിക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്.കമ്പനി തുറന്ന് പ്രവർത്തിച്ച് ലഭിക്കേണ്ട തുക പിരിച്ചെടുത്ത് നിക്ഷേപകർക്ക് നൽകാൻ ആവശ്യമായ നടപടി എടുക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് ആവശ്യമുയരുന്നത്.