ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര് കൊല്ലപ്പെട്ടു. ഹംഗു ജില്ലയിലെ ഓയില്‍ കമ്പനിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ഹംഗറിയന്‍ ഓയില്‍ കമ്പനിയായ എംഒഎല്ലിന്റെ പാകിസ്താനിലെ യൂണിറ്റിലായിരുന്നു ആക്രമണം. ഹംഗു ജില്ലയില്‍ അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഈ കമ്പനി സ്ഥിതി ചെയ്യുന്നത്. രാത്രി ഇവിടേയ്ക്ക് എത്തിയ ആയുധ ധാരികളായ ഭീകരര്‍ കാവല്‍ നിന്നിരുന്ന പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
50 ഭീകരരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. നാല് പോലീസുകാര്‍ക്ക് പുറമേ രണ്ട് ഹോംഗാര്‍ഡുകളാണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ എം.8, എം.10 എന്നീ ഇന്ധന കിണറുകള്‍ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സമയം എംഒഎല്ലിലെ ജീവനക്കാര്‍ കമ്പനിയില്‍ ഉണ്ടായിരുന്നില്ല. ആക്രമണത്തില്‍ ജീവനക്കാരില്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്ന് എംഒഎല്‍ വ്യക്തമാക്കി.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന് തൊട്ട് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന് രംഗത്ത് എത്തിയത്.