കഥകളെക്കാള്‍ അവിശ്വസനീയ ജീവിതങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മുംബൈയിലെ ചുവന്ന തെരുവ് കാമാത്തിപുര ചരിത്രത്തിലേക്ക്. മഹാരാഷ്ട്ര നിയമസഭയുടെ വിന്റര്‍ സെഷനില്‍ മന്ത്രിസഭയുടെ മാസ്റ്റര്‍പ്ലാനില്‍ ആദ്യത്തേതാണ് കാമാത്തിപുര റീ ഡെവലപ്പ്മെന്റ് സ്കീം. കാമാത്തിപുരയിലെ ആയിരത്തിലധികം പഴയ കെട്ടിടങ്ങള്‍ പൊളിക്കാനും അവിടെ വാസഗൃഹങ്ങളും മറ്റ് സൗകര്യങ്ങളുമടങ്ങിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുമുള്ള കര്‍മപരിപാടിക്ക് അനുമതിയായിരിക്കുകയാണ്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ പഴയ കാമാത്തിപുര ഒരു മിത്ത് പോലെ മാത്രം അവശേഷിക്കും.
ആയിരത്തിലധികം പഴയ കെട്ടിടങ്ങള്‍ പൊളിക്കാനും അവിടെ വാസഗൃഹങ്ങളും മറ്റ് സൗകര്യങ്ങളുമടങ്ങിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുമുള്ള കര്‍മപരിപാടി മഹാരാഷ്ര്ട അര്‍ബന്‍ ഹൗസിങ്ങ് ഡവലപ്പ്മെന്റ് അതോറിറ്റിയെ (മാഡ) ഏല്പിച്ച ബില്ലിന് അസംബ്ലി അനുമതി നല്കി.
2005-ല്‍ സമാനമായ പദ്ധതിയുമായി ഒരു ബില്‍ഡര്‍ മുന്നോട്ടുവന്നെങ്കിലും ഗവണ്മെന്റിന്റെ സാമ്പത്തിക പരാധീനത മൂലം അത് ഫയലിലുറങ്ങി. പുതിയ ഭരണകൂട നീക്കത്തിനുപിന്നില്‍ ബില്‍ഡര്‍ ലോബിയുണ്ടോ എന്നതിന് തെളിവില്ല. ഈയിടെ, നടന്ന സര്‍വ്വേയില്‍ കാമാത്തിപുരയില്‍ മാത്രമായി പതിനാലോളം ആരാധനാലയങ്ങളുമുണ്ടെന്ന് കാണാം. ഈ പദ്ധതിയും മതത്തിന്റെ പേരില്‍ അട്ടിമറിക്കപ്പെടുമോ എന്ന സംശയം ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാരാഷ്ര്ട അസംബ്ലി ഐക്യകണ്ഠേന പാസാക്കിയ തീരുമാനം എന്തെങ്കിലും കാരണം പറഞ്ഞ് തല്പരകക്ഷികള് അലങ്കോലപ്പെടുത്തുമോ എന്നും സംശയിക്കണം
രാജീവ്ഗാന്ധി ധാരാവി ചേരിമക്കളുടെ ഉന്നമനത്തിനനുവദിച്ച നൂറ് കോടി രൂപയുടെ സ്വപ്നപദ്ധതി അദ്ദേഹത്തിന്റെ മരണാനന്തരം മഹാരാഷ്ര്ട ഗവണ്മെന്റിലെ ബ്യൂറോക്രാറ്റ് വര്‍ഗം കടലാസില്‍ ഒതുക്കിയ കാര്യം പോലെ കാമാഠിപുരയുടെ ഗതിയും അങ്ങോട്ടുവെച്ച് ഇങ്ങോട്ടുവെച്ച് അവസാനിക്കാനും സാധ്യതകളേറേ.
ഇന്ത്യന്‍ ജീവിത ദൈന്യങ്ങള്‍ക്ക് ഒരു ചുവപ്പ് അടിവരയാണ് കാമാത്തിപുര. ജീവിതം കൊണ്ട് മുറിവേറ്റ കുറേ മനുഷ്യരുടെ താവളം. നഗര വികസന പദ്ധതിയിലൂടെ മുഖം മിനുക്കിയാലും ആ തെരുവിന്റെ ഓര്‍മകളില്‍ തിളക്കമേകാന്‍ സാധിക്കാത്ത ആയിരക്കണക്കിന് മുഖങ്ങള്‍ ബാക്കിയാകും. മുംബൈയുടെ ചരിത്രത്തിന്റെ പ്രധാന ഭാഗമാണ് കാമാത്തിപുരയെന്ന റെഡ് സ്ട്രീറ്റ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചോര്‍ ബസാര്‍, പ്രശസ്തമായ നാസ് തീയറ്റര്‍ തുടങ്ങി നിരവധി കാഴ്ചകള്‍ ഉള്‍പ്പെട്ട കാമാത്തിപുര പക്ഷേ അറിയപ്പെടുന്നത് ലൈംഗിക തൊഴിലാളികളുടെ പേരിലാണെന്നു മാത്രം.മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് മുംബൈ സെന്‍ട്രല്‍, ഗ്രാന്‍ഡ് റോഡ് സേ്റ്റഷന് എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ആനന്ദ ഭൂമികയെ എങ്ങിനെയാണ് അധികൃതര്‍ മാറ്റിയെടുക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഈ പൊളിച്ചുപണിയിലൂടെ, വന്ന തെരുവിനൊപ്പം ചിലപ്പോള്‍ മുംബൈയുടെ ചില ചരിത്രമുഖങ്ങള് കൂടി ഇല്ലാതായേക്കാം. ഗിര്ഗൗണ് ചൗപട്ടി.താരാപുര്‍വാല അക്വേറിയം. ചോര്‍ ബസാര്‍ തുടങ്ങിയവയാണ് അവ.
ചരിത്രം
കാമാത്തിപുരയുടെ പഴയകാല ചരിത്രം ആരംഭിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തിനും മുമ്പാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്?ജോലിതേടി ബോംബെയിലെത്തിക്കൊണ്ടിരുന്ന തൊഴിലാളികള്‍ (മറാത്തിയില്‍ പറഞ്ഞാല്‍ കാമാത്തി) ബോംബെ സെന്‍ട്രല്‍ ഭാഗത്തുള്ള ഈ സ്ഥലങ്ങളില്‍ തമ്പടിച്ചുവെന്നും വഴിയെ ആ പ്രദേശത്തിന് കാമാത്തിപുരയെന്ന പേരുവീണെന്നുമാണ് ബോംബെ ചരിത്രത്തില്‍ കാണുക. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കുവേണ്ടി ഭരണകര്ത്താക്കള്ത്തന്നെ കര്‍ണാടക, ആന്ധ്ര, മഹാരാഷ്ര്ടയുടെ ചില ജില്ലകള്‍ എന്നിവിടങ്ങളില്‍നിന്ന്? സ്ത്രീകളെ ഇവിടേക്ക് ക്ഷണിച്ചുവരുത്തി താമസിപ്പിച്ചതായും ചില ഗവേഷകര്‍ പറയുന്നു.
ദൈന്യതയാര്‍ന്ന പെണ്മുഖങ്ങള്
1970-കളില്‍ എസ്. പുനേക്കറും കമലാറാവുവും ചേര്‍ന്നെഴുതിയ ഗവേഷണ ഗ്രന്ഥത്തില്‍, അക്കാലത്തുതന്നെ കാമാഠിപുരയില്മാത്രം ഒരു ലക്ഷത്തിലധികം അന്തേവാസികളുണ്ടെന്ന് പറയുന്നു.
കാമാത്തിപുരയിലെ കെട്ടിടങ്ങളെ വേര്‍തിരിക്കുന്നത് അവിടെ കാണുന്ന സാമാന്യം വീതികൂടിയ ഗലികളാണ്. ഇത്തരം 14 ബൈലൈനുകളുള്ള ഈ സ്ഥലത്ത് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ കെട്ടിടങ്ങളില്‍ ഓരോ നിലകളിലും 120-ഓളം ചതുരശ്ര അടി മാത്രം വിസ്തീര്‍ണമുള്ള മുറികളാണുള്ളത്. അവിടെ നാലും അഞ്ചും പേര് ഉറങ്ങുകയും ഭക്ഷണമുണ്ടാക്കുകയും കസ്റ്റമറിനായി കിടയ്ക്ക പങ്കിടുകയും ചെയ്യുന്നു. കെട്ടിടങ്ങളുടെ ബാല്‍ക്കണിയില്‍ നിന്ന് മധ്യവയസ്കകളും പെണ്‍കുട്ടികളും മുട്ടോളമെത്തുന്ന സ്കെര്‍ട്ടും ടോപ്പും ധരിച്ച് വഴിപോക്കരെ കൈമാടി വിളിക്കുന്നതു കാണാം. ഗ്രാമങ്ങളിലും സ്വന്തം വീടുകളില്തന്നെയും അന്യവത്ക്കരിക്കപ്പെട്ടവരാണ് ലൈംഗികത്തൊഴിലാളികള്‍. കാമാത്തിപുരയിലെ കെട്ടിടങ്ങള്ക്കുതാഴെ കയറുകട്ടിലില്‍ പാതി കുത്തിയിരുന്ന് വിശറികൊണ്ട് വീശുന്ന ഘര്‍വാലികള്‍ (ബ്രോതല്‍ നടത്തിപ്പുകാരി), അവരുടെ ഗുണ്ടകള്‍, ചുറ്റിപ്പറ്റി നടക്കുന്ന തെരുവുനായ്ക്കള്‍, തമ്പാക്ക് ചവച്ച് പല്ലിളിച്ച് പുറകെ വന്ന് ഐറ്റം മംഗ്താ സാബ് എന്ന് ഒട്ടും നാണമില്ലാതെ നമ്മോട് ചോദിക്കുന്ന പിമ്പുകള്‍, ഗിരാക്കുകളെ കാമാഠിപുരയിലെത്തിക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍ കം ദല്ലാള്‍- ഇവയെല്ലാം ചേര്‍ന്നാല്‍ കാമാത്തിപുര എന്ന ചുവന്ന തെരുവിന്റെ യഥാതഥ ചിത്രമാകും.
കെട്ടിടങ്ങള്‍ ജീര്ണാവസ്ഥയില്
കാമാത്തിപുരയിലെ ആയിരത്തോളം വരുന്ന കെട്ടിടങ്ങളില്‍ പലതും ആള്‍പ്പെരുമാറ്റമില്ലാതെ ഇപ്പോള്‍ ഉപയോഗശൂന്യമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള കാമാഠിപുരയിലെ കെട്ടിടമുടമകള്‍ ആരാണ്, അല്ലെങ്കില്‍ ആരായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം സങ്കീര്‍ണമാണ്.