എംഡിഎംഎയുമായെത്തിയ ഡ്രോൺ ക്യാമറ വിദഗ്ധനായ എൻജിനീയറിങ് ബിരുദധാരി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായി. ഇടുക്കി സ്വദേശി അണക്കര കുന്നത്ത് മറ്റം അനീഷ് ആൻ്റണിയാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു
നാല് ഗ്രാം എംഡിഎംഎയാണ് അനീഷ് ആന്റണിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്. ചങ്ങാനാശേരിയിൽ കോളേജ് വിദ്യാർത്ഥികൾക്കടക്കം ഇയാൾ ഈ രാസ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് വേഷം മാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചലച്ചിത്ര നിർമ്മാതാക്കൾ എന്ന് പറഞ്ഞ് പരിചയപ്പെടുകയും, പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോൾ കറുകച്ചാൽ നെടുങ്കുന്നത്ത് വച്ച് കൈമാറുകയും ചെയ്യുമ്പോഴാണ് പിടിയിലാകുന്നത്.
18നും 23നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നത്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ എംഡിഎംഎ ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. വൻ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. പ്രതിയുടെ പക്കൽ നിന്നും എംഡിഎംഎ വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.