മാനനഷ്ടക്കേസിൽ ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരെ ഗുജറാത്തിലെ ഒരു സർക്കാരിതര സംഘടന സമർപ്പിച്ച ഹർജിയിലാണ് നടപടി. സെപ്റ്റംബറിൽ കേസ് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് സച്ചിൻ ദത്തയുടെ ബെഞ്ചാണ് ബിബിസിക്കും മറ്റ് കക്ഷികൾക്കും നോട്ടീസ് അയച്ചത്. ഡോക്യുമെന്ററി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ഹർജി. ഇന്ത്യയുടെയും ജുഡീഷ്യറിയുടെയും പ്രധാനമന്ത്രി മോദിയുടെയും പ്രശസ്തിക്ക് കളങ്കം ചാർത്തുന്നതാണ് ഡോക്യുമെന്ററിയെന്ന് ഹർജിൽ ആരോപിക്കുന്നു.
പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002 ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’. യുകെ വിദേശകാര്യ ഓഫീസിൽ നിന്നുള്ള പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ടുകൾ ഉദ്ധരിച്ച് കലാപസമയത്ത് മോദിയുടെ പ്രവർത്തനങ്ങൾ ഡോക്യൂമെന്ററി ചോദ്യം ചെയ്യുന്നു. ഇന്ത്യ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും രാജ്യത്ത് ഇത് നിരോധിക്കുകയും ചെയ്തു. രണ്ട് ഭാഗങ്ങളാണ് ഡോക്യൂമെന്ററിക്കുള്ളത്.