എഐ ക്യാമറ ഇടപാടില്‍ എസ്ആര്‍ഐടി ഉണ്ടാക്കിയ പുറംകരാര്‍ വ്യവസ്ഥകളെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് സമ്മതിച്ച് കെല്‍ട്രോണ്‍. വിവാദങ്ങള്‍ക്കൊടുവില്‍ ടെണ്ടര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ വിശദാംശങ്ങളും കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്സും പദ്ധതി നിര്‍വ്വഹണത്തില്‍ പ്രധാന പങ്കാളികളെന്ന് വ്യക്തമാക്കുന്നതാണ് എസ്ആര്‍ഐടി സമര്‍പ്പിച്ച ഉപകരാര്‍ രേഖ.
എഐ ക്യാമറ ഇടപാട് വിവാദമായപ്പോള്‍ ഉപകരാറുകളെ അറിയില്ലെന്നായിരുന്നു കെല്‍ട്രോണ്‍ വാദം. പദ്ധതി നിര്‍വ്വഹണം ഏല്‍പ്പിച്ചത് എസ്ആര്‍ഐടിക്കാണ് ഉപകരാര്‍ നല്‍കിയതിന്റെ ഉത്തരവാദിത്തം എന്ന വിശദീകരണത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്ആര്‍ഐടി കെല്‍ട്രോണിനെ ധരിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ കെല്‍ട്രോണ്‍ തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
2021 മാര്‍ച്ച് 13 ന് എസ്ആര്‍ഐടി കെല്‍ട്രോണിന് നല്കിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിര്‍വ്വഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങള്‍ ഒഇഎമ്മുകളായും പ്രവര്‍ത്തിക്കുന്നുണ്ട്. കെല്‍ട്രോണ്‍ പുറത്ത് വിട്ട രേഖയനുസരിച്ച് ടെണ്ടര്‍ ഇവാലുവേഷനില്‍ എസ്ആര്‍ഐടിക്ക് കിട്ടിയത് 100 ല്‍ 95 മാര്‍ക്ക്. അശോകയ്ക്ക് 92 ഉം അക്ഷരയ്ക്ക് 91 ഉം കിട്ടിയപ്പോള്‍ ടെണ്ടര്‍ ഘട്ടത്തില്‍ പുറത്തായ ഗുജറാത്ത് ഇഫോടെക്കിന് കിട്ടിയത് 8 മാര്‍ക്ക് മാത്രം. കെല്‍ട്രോണിന് പുറമെ ഏഴു കമ്പനികള്‍ക്കാണ് പലതട്ടില്‍ ഉപകരാര്‍ നല്‍കിയത്.
ആദ്യം തീരുമാനിച്ച ബി.ഒ.ഒ.ടി രീതി മാറ്റി സര്‍ക്കാര്‍ പണം കൊടുക്കുന്ന ആന്വറ്റി മാതൃകയിലേക്ക് മാറ്റിയതില്‍ സര്‍ക്കാരും മൗനം തുടരുകയാണ്. ആരോപണത്തില്‍ എജിയുടേയും വ്യവസായ വകുപ്പിന്റേയും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരും