അഴിമതിയും വർഗീയതയും കൊടികുത്തി വാണ ബിജെപി ഭരണത്തിൽ നിന്നും ജനങ്ങൾ ശരിക്കും ഒരു മാറ്റം ആഗ്രഹിച്ചു. അതാണ് കർണാടകയിൽ കോൺഗ്രസ് നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം. അഴിമതിയെയും ഭരണവീഴ്ചയെയും വർഗീയത കൊണ്ട് മറച്ചു പിടിക്കാനുള്ള ബിജെപി യുടെ നീക്കത്തിനാണ് കർണാടകയിലെ ജനങ്ങൾ തിരിച്ചടി നൽകിയത്. അതിനു പ്രധാനപ്പെട്ട കാരണം ബസവ രാജ് ബൊമ്മ സർക്കാർ അത്രയേറേ എതിർപ്പ് ജനങ്ങളിൽ നിന്നും സമ്പാദിച്ചു എന്നതായിരുന്നു.
പത്തു പ്രാവശ്യമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പര്യടനം നടത്തിയത്. മൈസൂർ ബെംഗളൂരു ഹൈവേ ഉൾപ്പെടെ ആയിരക്കണക്കിനു കോടി രൂപയുടെ വികസന പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു. ജാതീയതയും വര്‍ഗീയ ധ്രുവീകരണവും നിര്‍ണായകമാകുന്ന കര്‍ണാടകത്തില്‍ ഇത്തവണയും വിദ്വേഷപ്രചാരണത്തിന് കുറവൊന്നുമില്ലായിരുന്നു. ജാതിസെന്‍സസും ആനുപാതിക സംവരണവും ജനക്ഷേമ പദ്ധതികളും മുന്നോട്ടുവെച്ചാണ് ഈ ബി.ജെ.പി. പ്രചാരണത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്. വിവിധ ജാതികള്‍ക്ക് ആനുപാതിക വിഹിതം നല്കാന് സംവരണം 50 ശതമാനത്തില്‍നിന്ന് 75 ശതമാനമാക്കുമെന്ന പ്രഖ്യാപനം ബി.ജെ.പി. മുന്നോട്ടുവെച്ച തന്ത്രത്തിന് തിരിച്ചടിയായി.
വൊക്കലിഗ, ലിംഗായത്ത് വോട്ടുകള്‍ ലക്ഷ്യംവെച്ച് മുസ്ലിം സംവരണം എടുത്തുകളഞ്ഞെങ്കിലും അതിന്റെ ഗുണം ലഭിച്ചത് കോണ്‍ഗ്രിനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കാൻ ഇടയാക്കിയതും നേതാക്കളുടെ കൂടുമാറ്റംമൂലം വൊക്കലിഗ, ലിംഗായത്ത് വോട്ടുകളില്‍ അടിയൊഴുക്കുണ്ടായതും ബിജെപിക്ക് തിരിച്ചടിയായി. മുതിര്‍ന്ന നേതാവ് യെദ്യൂരപ്പയെ മുന്‍നിരയില്‍നിന്ന് മാറ്റിനിര്‍ത്തിയതില്‍ ലിംഗായത്തുകള്‍ക്കിടയില്‍ നേരത്തെ തന്നെ അമര്‍ഷമുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ് യെദ്യൂരപ്പയെ പ്രചാരണത്തില്‍ സജീവമാക്കുകയും അദ്ദേഹത്തിന്റെ മകന് വിജയേന്ദ്രയെ മത്സരിപ്പിക്കുകയും ചെയ്തെങ്കിലും ലിംഗായത്ത് അമര്‍ഷം മറികടക്കാനായില്ല.
പോപ്പുലര്‍ ഫ്രണ്ടിനോട് ബജ്റംഗ് ദളിനെ താരതമ്യപ്പെടുത്തി വിദ്വേഷപ്രചാരകരായ സംഘടനകളെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ബിജെപി പ്രചാരണ ആയുധമാക്കിയെങ്കിലും ഇതും തീരദേശമേഖലയ്ക്കപ്പുറം ഫലിച്ചില്ല. കോൺഗ്രസ് പ്രഖ്യാപനം വന്നതിന് പിന്നാലെ ‘ബജ്റംഗ് ബലി കീ ജയ്’ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിച്ചത്. എന്നാൽ അതൊന്നും വോട്ടിനെ സ്വാധീനിച്ചില്ല.
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്കുന്ന കോണ്‍ഗ്രസ് പദ്ധതിയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കിയെന്ന് ബിജെപി നേതാക്കള്‍ത്തന്നെ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പായി വിലിയിരുത്തിയിരുന്നു.
ഇതിനിടെ ടിപ്പുവിന്റെ മരണത്തെ പറ്റി ചരിത്രസത്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച്, മതവൈരം വളർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചു. ടിപ്പു സുൽത്താന്റെ അന്ത്യവുമായി ബന്ധപ്പെട്ട നുണക്കഥയും ഇതിന്റെ ഭാഗമാണ്.
സംസ്ഥാനത്തെ പ്രമുഖ സമുദായമായ വൊക്കലിഗക്കാരിൽനിന്നുള്ള ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ് ടിപ്പുവിനെ വധിച്ചതെന്നാണ് നുണപ്രചാരണം നടത്തിയത്. സംഘ്പരിവാർ സഹയാത്രികനായ അദ്ദണ്ഡ കരിയപ്പയുടെ ‘ടിപ്പു നിജ കനസുഗളു’ എന്ന നാടകത്തിലെ സാങ്കൽപിക കഥാപാത്രങ്ങളാണ് യഥാർഥത്തിൽ ഇവർ.
നാടകത്തിൽ ഇവർ ടിപ്പുവിനെ കൊല്ലുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ടിപ്പുവിന്റെ സൈന്യത്തിലും മറ്റുമായി നല്ലൊരു ശതമാനം വൊക്കലിഗക്കാരായിരുന്നു. കാലങ്ങളായി ഇരുവിഭാഗങ്ങളും സാഹോദര്യത്തോടെയാണ് കഴിയുന്നത്. പ്രചാരണം നടത്തി ഇവർക്കിടയിൽ വിഭജനം ഉണ്ടാക്കുകയായിരുന്നു ബി.ജെ.പി ലക്ഷ്യം. എന്നാൽ, ടിപ്പുവിനെ ഏറെ ആദരവോടെ കാണുന്ന വൊക്കലിഗക്കാരിൽനിന്നുതന്നെ ഇതിനെതിരെ വ്യാപക എതിർപ്പുണ്ടായതോടെ സംഘ്പരിവാർ പ്രതിരോധത്തിലായി.