ബെംഗളൂരു: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഷോക്ക്. വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധന നിലവില്‍ വരുക. ഇന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അറിയുക. പത്തിനായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.
വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ കന്നഡക്കാറ്റ് എങ്ങോട്ടെന്നതിന്റെ വ്യക്തമായ സൂചനകള്‍ വരും. 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധി പെട്ടിയിലാണിപ്പോള്‍. രാവിലെ എട്ട് മണിക്ക് തന്നെ പെട്ടി പൊട്ടിക്കും. ബെംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. പക്ഷേ, ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം.
വെള്ളിയാഴ്ച രാത്രിയോടെത്തന്നെ കര്‍ണാടകത്തില്‍ രാഷ്ട്രീയ ചരടുവലികളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. 40 വര്‍ഷത്തെ പതിവ് തെറ്റിച്ച് കര്‍ണാടക ഇത്തവണ ബിജെപിക്ക് ഭരണത്തുടര്‍ച്ച സമ്മാനിക്കുമോ കര്‍ണാടക നല്കുന്ന വിജയത്തിന്റെ ഊന്നുവടിയേന്തിയാകുമോ കോണ്‍ഗ്രസ് 2024-ലേക്ക് നടക്കുക ഇതിനെല്ലാമപ്പുറം തൂക്ക് മന്ത്രിസഭ വന്നാല്‍ കുമാരസ്വാമി കിംഗ് മേക്കറല്ല, കിംഗ് തന്നെ ആകുമോ അതോ, പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച്, ഓപ്പറേഷന് താമരയടക്കമുള്ള തെരഞ്ഞെടുപ്പ് അട്ടിമറികളുടെ കാലമാണോ വരാനിരിക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുത്തരമായിരിക്കും ലഭിക്കുക.