കോഴിക്കോട്: രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാല് ഉത്പാദിപ്പിക്കുന്നത് കേരളത്തില്‍. ദേശീയ മൃഗ സംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലബാറിലെ ക്ഷീര കര്‍ഷകരില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്റെ ശരാശരി അണു ഗുണനിലവാരം 204 മിനിറ്റായി ഉയര്‍ന്നെന്ന് വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. ഉയര്‍ന്ന അണു ഗുണനിലവാരമാണ് പാലിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതിലുള്ള പ്രധാന മാനദണ്ഡം.
ഇത് പ്രകാരം കര്‍ഷകരില്‍ നിന്ന് കേരളത്തില്‍ മലബാര്‍ മില്‍മ സംഭരിക്കുന്ന പാലിനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ അണു ഗുണനിലവാരം രേഖപ്പെടുത്തിയത്. മലബാര്‍ മില്‍മയുടെ അണു ഗുണനിലവാരം 204 ആയി ഉയര്‍ന്നപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടേത് 190 മിനിറ്റും മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിന്റേത് 180 മിനിറ്റുമാണ്. കേരളത്തെക്കാള്‍ മേച്ചില്‍ പുറങ്ങളും പച്ചപ്പുല്ലും ലഭ്യമായ സംസ്ഥാനങ്ങളുണ്ടായിട്ടും ഇത്തരത്തിലൊരു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ക്ഷീര കര്‍ഷകരുമായി ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം കൊണ്ടാണെന്ന് മലബാര്‍ മില്‍മ ചെയര്മാന് കെ.എസ് മണി പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1041.47 കോടി രൂപയാണ് മില്‍മ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് പാല് വിലയായി നല്‍കിയത്. ഇത് കൂടാതെ അധിക പാല് വിലയായി 29.16 കോടി രൂപയും കാലിത്തീറ്റ സബ്സിഡിയായി 7.65 കോടി രൂപയും നല്‍കിയിട്ടുണ്ട്.