തിരുവനന്തപുരം: കിന്‍ഫ്ര തീപിടിത്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഫയര്മാന് രഞ്ജിത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. രഞ്ജിത്തിന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കാനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം കിന്ഫ്രയിലേ കെഎംഎസ് സിഎല്‍ ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആണ് രഞ്ജിത്ത് മരിച്ചത്.
അതേസമയം, കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് ഇന്ന് മുതല്‍ ആരഭിക്കും. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ്. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനു പിന്നാലെ തിരുവനന്തപുരത്തും തീപിടുത്തമുണ്ടായതോടെയാണ് പരിശോധന ശക്തമാക്കുന്നത്. ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റും ഉടനെ ആരംഭിക്കും. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന് നഷ്ടപ്പെടാനിടയായ തീപിടിത്തം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ആരോഗ്യവകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.