അസം പൊലീസിലെ ലേഡി സിങ്കം എന്ന് അറിയപ്പെട്ട ജുൻമോനി രാഭ വാഹനാപകടത്തിൽ മരിച്ചു. ‘ലേഡി സിങ്കം’, ‘ദബാങ് പൊലീസ്’ എന്നീ പേരുകളിൽ അസമിൽ പ്രശസ്തയാണ് ജുൻമോനി രാഭ. ജുൻമോനി രാഭ സഞ്ചരിച്ച കാർ നാഗോൺ ജില്ലയിൽ വച്ച് കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു
കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയായിരുന്നു ജുൻമോനി. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശായീമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പരുക്കേറ്റ ജുൻമോനി രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സരുഭുഗിയ ഗ്രാമത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകട സമയത്ത് ജുൻമോനി രാഭ ഔദ്യോഗിക വേഷത്തിലായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ജുൻമോനി എന്തിനാണ് ഗ്രാമത്തിലേക്ക് ഒറ്റയ്ക്ക് യാത്ര തിരച്ചതെന്ന് അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിശദീകരണം.
പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടി ഏറെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥ കൂടിയാണ് ജുൻമോനി. ഇതേ കേസിൽ കഴിഞ്ഞ വർഷം ജൂണിൽ ജുൻമോനിയേയും അറസ്റ്റ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിച്ചതിന് ശേഷം ഇവർ വീണ്ടും സർവീസിൽ ചേരുകയും ചെയ്തിരുന്നു. 2022 ജനുവരിയിൽ ബിഹ്പുരിയ നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ അമിയ കുമാർ ഭൂയാനുമായുള്ള ടെലിഫോൺ സംഭാഷണം ചോർന്നതോടെ അവർ മറ്റൊരു വിവാദത്തിലും കുടുങ്ങിയിരുന്നു.