സിനിമകളുടെ നിരോധനം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സമയമാണ് ഇത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ദി കേരള സ്റ്റോറിയെച്ചൊല്ലിയുള്ള സംവാദങ്ങളാണ് ചലച്ചിത്രങ്ങളുടെ നിരോധനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഉയരാന്‍ കാരണമായിരിക്കുന്നത്. ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികള്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് പരിഗണിച്ചത്. എന്നാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശം നല്ക്കിയിരുന്നു. വിവാധങ്ങള്ക്കിടയിലും ദി കേരള സ്റ്റോറി തീയറ്ററുകളില്‍ റിലീസ് ചെയ്യ്തു.
നമ്മുടെ രാജ്യത്ത് ഇത് ആദ്യമായല്ല സിനിമ നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നു വരുന്നത്.. പല കാരണങ്ങള്‍ ചൂണ്ടികാട്ടി ഇന്ത്യയില്‍ മുമ്പും നിരോധനം നേരിട്ടിട്ടുള്ള സിനിമകളുണ്ടായിട്ടുണ്ട്. 2000 തൊട്ടുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ സിനിമ ഡോക്യുമെന്ററി ഇനത്തില്‍പ്പെട്ട മുപ്പതോളം വരുന്നവ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്..
ലൈംഗിക രംഗങ്ങള്‍, മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമകള്‍ രാജ്യത്ത് നിരോധനം നേരിട്ടിട്ടുള്ളത്. അക്കാരണം കൊണ്ടുതന്നെ ഈ ചിത്രങ്ങള്‍ അതാത് സമയത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ളവയുമാണ്. ഇന്ത്യയില്‍ പല കാലങ്ങളിലായി നിരോധനം നേരിട്ടിട്ടുള്ള ചില ചിത്രങ്ങള്‍ പരിചയപ്പെടാം.
ശേഖര്‍ കപൂറിന്റെ സംവിധാനത്തില്‍ 1996 ല്‍ തയ്യാറായക്കിയ ബണ്ഡിറ്റ് ക്യൂന്‍ എന്ന ചിത്രം നിരോധനം നേരിട്ടിട്ടുള്ള സിനിമയാണ്. ലൈംഗിക രംഗങ്ങളുടെ അതിപ്രസരം, നഗ്നത, കടുത്ത ഭാഷാപ്രയോഗങ്ങള്‍ എന്നിവയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സിബിഎഫ്സി നിരത്തിയ കാരണങ്ങള്‍.
ദീപ മെഹ്തയുടെ സംവിധാനത്തില്‍ 1998 ല്‍ തയ്യാറാക്കിയ ഫയര്‍ എന്ന ചിത്രമാണ് അടുത്തത്. ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ക്കിടയിലുള്ള ലെസ്ബിയന്‍ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ഇത്. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രതിഷേധങ്ങള്‍ കടുത്തതോടെ പിന്‍വലിക്കപ്പെടുകയായിരുന്നു.
അടുത്തത് 1997 മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്ര- എ ടെയില്‍ ഓഫ് എന്ന ചിത്രമാണ്. 16-ാം നൂറ്റാണ്ടിലെ നാല് പ്രണയിതാക്കളുടെ കഥ പറഞ്ഞ ചിത്രം ലൈംഗിക ഉള്ളടക്കത്തിന്റെ പേരിലാണ് നിരോധിക്കപ്പെട്ടത്.
ജോഷി- അഭ്യാങ്കര്‍ പരമ്പര കൊലപാതങ്ങളെ ആസ്പദമാക്കി 1997 ല്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രമായ പാഞ്ച് ആണ് അടുത്തത്. കടുത്ത ഭാഷാപ്രയോഗങ്ങള്‍, മയക്കുമരുന്ന് ഉപയോഗത്തിന്റെ ചിത്രീകരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിച്ചത്.
പിന്നീട് നിരോധിക്കപ്പെട്ടത് ബ്ലാക്ക് ഫ്രൈഡേ എന്ന ചിത്രമാണ്. മുംബൈ സ്ഫോടനങ്ങളെക്കുറിച്ച് ഹുസൈന് സൈദി എഴുതിയ ഇതേ പേരിലുള്ള പുസ്തകത്തെ അധികരിച്ച് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം. വളരെ ഇരുണ്ട ചിത്രമെന്ന് സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട സിനിമയ്ക്ക് സ്റ്റേ ഓര്‍ഡര്‍ നല്‍കിയത് ബോംബെ ഹൈക്കോടതി ആയിരുന്നു.
ദി ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റു എന്ന ചിത്രമാണ് പിന്നീട് നിരോധിച്ചത്. ഡേവിഡ് ഫിഞ്ചറുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം. ലൈംഗികാതിക്രമങ്ങളുടെ ചിത്രീകരണം ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് എതിരഭിപ്രായം ഉന്നയിച്ചത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാന്‍ പ്രദര്‍ശനാനുമതി നല്‍കാമെന്ന് പറഞ്ഞെങ്കിലും സംവിധായകന് അതിന് തയ്യാറായില്ല. മറ്റൊന്നാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ. നാല് സ്ത്രീ കഥാപാത്രങ്ങളിലൂടെ സ്ത്രീ ലൈംഗികതയെക്കുറിച്ച് പറഞ്ഞ ചിത്രം അത്തരം രംഗങ്ങളുടെ പേരിലാണ് നിരോധനം നേരിട്ടത്. 2016 ല്‍ എത്തിയ ചിത്രം അലംകൃത ശ്രീവാസ്തവ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
മതതീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ലെസ്ബിയന്‍ പ്രണയകഥ പറഞ്ഞ ത്രില്ലര്‍ ചിത്രമായിരുന്നു അണ്‍ഫ്രീഡം. ഈ ചിത്രത്തിന് ലൈംഗികതയുടെ അതിപ്രസരം ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയില്ല. രാജ് അമിത്കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2014 ലാണ് എത്തിയത്. അടുത്തതാണ് ഡല്‍ഹി കൂട്ടബലാല്‍സംഗം വിഷയമാക്കിയ ടെലിവിഷന്‍ ഡോക്യുമെന്ററി ഇന്ത്യാസ് ഡോട്ടര്‍ ആണ്. സംഭവത്തിന്റെ സാമൂഹികതലങ്ങള്‍ വിശദീകരിക്കുന്ന കൂട്ടത്തില്‍ ചില ന്യായീകരണവാദങ്ങളുമുണ്ടെന്നും അത് സമൂഹത്തില്‍ നിന്ന് കടുത്ത പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നും നിരീക്ഷിച്ചാണ് കോടതി ചിത്രം നിരോധിച്ചത്. യുട്യൂബില്‍ ആദ്യം അപ്ലോഡ് ചെയ്യപ്പെട്ട ഡോക്യുമെന്ററി പിന്നീട് നീക്കം ചെയ്യപ്പെടുകയായിരുന്നു.
മറ്റൊരു സിനിമയാണ് ഫിഫ്റ്റ് ഷേഡ്സ് ഓഫ് ഗ്രേ സീരിസ്. സാം ടെയ്ലര്- ജോണ്സണ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം. ലൈംഗിക രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. പിന്നീട് നിരോധിച്ചത് വരാണസി എന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ വിപണിവല്‍ക്കരണം പ്രമേയമാക്കിയ ചിത്രമായ മൊഹല്ലാ അസി ആയിരുന്നു. ചന്ദ്രപ്രകാശ് ദ്വിവേദി ആയിരുന്നു സംവിധാനം ചെയ്തത്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സന്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍ പിന്നീട് ഡല്‍ഹി ഹൈക്കോടതി ഒരു കട്ടോടെയും എ സര്‍ട്ടിഫിക്കറ്റോടെയും ചിത്രത്തിന് അനുമതി നല്കി.
സമൂഹത്തിന്റെ നിലനില്പിനു ഹാനികരമാവുന്ന വിവരങ്ങളുടെയും ആശയങ്ങളുടെയും ദൃശ്യവും ശ്രാവ്യവുമായ ഏതുവിധവുമുള്ള വിനിമയ സ്വതന്ത്ര്യത്തെയും നിയമം മൂലം നിരോധിക്കുന്നതും നിയന്ത്രിക്കുന്നതുമാണ് സെന്‍സര്‍ഷിപ്. ആഭ്യന്തരകലാപങ്ങളുടെയും അരക്ഷിതാവസ്ഥകളുടെയും പ്രതിവിപ്ളവങ്ങളുടെയും കാലത്ത് ലോകത്തെവിടെയും സാഹിത്യത്തിനും വര്‍ത്തമാന പത്രങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കടുത്ത വിലക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആധുനിക ലോകത്ത് സെന്‍സര്‍ഷിപ്പ് എന്ന വാക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദൃശ്യമാധ്യമവുമായി ബന്ധപ്പെട്ടാണ്. ഒരു പക്ഷേ, അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ച് പരിഷ്കൃത രാജ്യങ്ങളില്‍ പോലും സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത് നിരക്ഷരര്‍ക്കും ആസ്വദിക്കാനും മനസിലാക്കാനുമാവുന്ന ദൃശ്യമാധ്യമത്തിന്റെ ബഹുജനസ്വാധീനം കൊണ്ടാവണം.