ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ബഹിഷ്കരണത്തിന് പിന്നാലെ നീതി ആയോഗ് യോഗവും ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്നാണ് ഏഴ് മുഖ്യമന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് സിങ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് യോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
നീതി ആയോഗിന്റെ സമിതിയായ ഗവേണിംഗ് കൗണ്‍സിലില്‍ രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും നിരവധി കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്നുണ്ട്. യോഗം ബഹിഷ്കരിക്കുന്നതായി അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ‘ഫെഡറലിസം തമാശയാകുമ്പോള്‍ നീതി ആയോഗില്‍ പങ്കെടുത്തിട്ട് എന്താണ് കാര്യമെന്ന് കെജ്രിവാള് ചോദിച്ചു. ഡല്‍ഹി അധികാരത്തര്‍ക്കത്തില്‍ കെജ്രിവാളും കേന്ദ്രവും മുഖാമുഖം നില്ക്കുന്ന സാഹചര്യത്തിലാണ് നീതി ആയോഗ് യോഗ ബഹിഷ്കരണവും.
പഞ്ചാബിനോട് കേന്ദ്രം കാണിക്കുന്ന വിവേചനത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മന് സിങും അസ്വസ്ഥനായിരുന്നു. ‘4,000 കോടി രൂപ ഗ്രാമീണ വികസന ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചെന്നായിരുന്നു എഎപി വക്താവ് മല്‍വിന്ദര്‍ സിംഗ് കാംഗ് ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ യോഗബഹിഷ്കരണം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.