പത്തനംതിട്ട: അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവര്‍ത്തകരെന്ന് പത്താനപുരം എംഎല്‍എ കെ ബി ഗണേഷ്കുമാര്. അത്തരം പ്രതികരണങ്ങള്‍ സര്ക്കാരിനെതിരെയുളളതല്ല. മിണ്ടാതിരുന്നാല്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നിയമസഭയിലും പുറത്തും മിണ്ടാതിരുന്ന് കിട്ടുന്ന സ്ഥാനമാനങ്ങള്‍ തനിക്ക് ആവശ്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ബൈക്കില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലര്‍ ചോദിച്ചിരുന്നു. സത്യം പറയുമ്പോള്‍ എന്തിന് ദേഷ്യപ്പെടണമെന്നായിരുന്നു ഇതിനോടുളള ഗണേഷ് കുമാറിന്റെ മറുപടി. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
തന്നെ നിയമസഭയിലേക്ക് പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം നിയമസഭയില്‍ പറഞ്ഞാല്‍ മാത്രമേ ലോകം അറിയൂ. ഭരണകര്‍ത്താക്കള്‍ അറിയൂ. നിയമസഭയിലാകുമ്പോള്‍ ആ കുഴപ്പമില്ലല്ലോ. അവിടെ പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും കേള്‍ക്കും. അവരെല്ലാവരും ഈ വിഷയത്തില്‍ താത്പര്യം കാണിക്കും. ജനങ്ങളുടെ കാര്യങ്ങള്‍ അവിടെയാണ് പറയേണ്ടത്. അതുകൊണ്ടാണ് അവിടെ പറയുന്നത്. അവിടെ ചെന്ന് മിണ്ടാതിരുന്നാല്‍ ചിലപ്പോള്‍ പിടിച്ച് മന്ത്രിയാക്കും. അങ്ങനെ ഒരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ല. മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാനമാനവും എനിക്ക് വേണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ബൈക്കില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കയില്‍ പരിഹാരം കാണുമെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മുഖ്യമന്ത്രി കേട്ടതെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.