ഭോപ്പാല്‍: കുനോ നാഷണല്‍ പാര്‍ക്കില്‍ അവശനിലയില്‍ കാണപ്പെട്ട ചീറ്റ കുഞ്ഞ് ചത്തു. നമീബിയന്‍ ചീറ്റയായ ജ്വാല ജന്മം നല്കിയ നാല് കുഞ്ഞുങ്ങളില്‍ ഒരാളാണ് ചത്തത്. ജനിച്ചപ്പോള്‍ മുതല്‍ തന്നെ ചീറ്റ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
ഇന്നലെയായിരുന്നു സംഭവം. നിലവില്‍ പാര്ക്കിനുള്ളിലെയും വിശാല വനത്തിലേക്കും തുറന്നുവിട്ട ചീറ്റകള്‍ അധികൃതരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇന്നലെ ജ്വാലയ്ക്കൊപ്പം മൂന്ന് കുഞ്ഞുങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് പാര്‍ക്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നാലാമത്തെ കുഞ്ഞിനെ അവശനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ വിവരം ഡോക്ടര്‍മാരെ അറിയിച്ചു. ഇവര്‍ എത്തി ആവശ്യമായ ചികിത്സ നല്‍കിയെങ്കിലും അല്‍പ്പനേരത്തിന് ശേഷം ചത്തു.
ആരോഗ്യക്കുറവാണ് ചീറ്റ കുഞ്ഞിന്റെ മരണത്തിന് കാരണമായത് എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ജനിച്ചപ്പോള്‍ മുതല്‍ ചീറ്റ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് അവസാന വാരമാണ് ജ്വാല നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ബാക്കിയുള്ള മൂന്ന് ചീറ്റ കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കുഞ്ഞ് ഉള്‍പ്പെടെ നാല് ചീറ്റകളാണ് ചത്തത്. ഈ മാസം ഒന്‍പതിന് ആണ് ചീറ്റകളുമായുള്ള ഏറ്റുമുട്ടലില്‍ ദക്ഷ എന്ന ചീറ്റ ചത്തിരുന്നു.