കോഴിക്കോട്: കെപിസിസി ലീഡേഴ്സ് മീറ്റിന് പിന്നാലെ യുഡിഎഫ് വിട്ടവരെ തിരികെയെത്തിച്ച് മുന്നണി വിപുലീകരണത്തിലാണ് കോണ്‍ഗ്രസ് ശ്രമം. ജോസ് മടങ്ങിവന്നാല്‍ നല്ലതെന്ന ചെന്നിത്തല നടത്തിയ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയാണ് കെ. മുരളീധരനും. കേരള കോണ്‍ഗ്രസ് അടക്കമുള്ളവര്‍ മുന്നണിയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ. മുരളീധരന് എംപി വ്യക്തമാക്കി.
‘തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് കരുതുന്നത്. പക്ഷേ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടില്ലെന്നും മുരളീധരന് വ്യക്തമാക്കി. യുഡിഎഫിന് ഒപ്പമുളള മുസ്ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ മുസ്ലിം ലീഗിനെ പുകഴ്ത്തി മുന്നണിയില്‍ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരന് പ്രതികരിച്ചു.