മേഘമല: തമിഴ്നാട്ടിലെ മേഘമല- ചിന്നമന്നൂര്‍ പാതയില്‍ യാത്ര ബസ്സിന് മുന്നില്‍ അരിക്കൊമ്പന്റെ വിളയാട്ടം. ബസ് എത്തുമ്പോള്‍ കൊമ്പന് പാതയോരത്തുകൂടു നടന്നു പോകുന്നുണ്ടായിരുന്നു. കടന്നുപോകാമെന്ന് കരുതി ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുമ്പോള്‍ ആന ബസിന് സമീപത്തെയ്ക്ക് പാഞ്ഞെത്തി. അല്‍പ്പനേരം ബസിന് മുന്നില്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ച ശേഷം അരിക്കൊമ്പന് സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് വാഹനയാത്രക്കാരുടെ ഭീതി വിട്ടകന്നത്.
അരിക്കൊമ്പന് വിഷയത്തില്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുന്നത് -തമിഴ്നാട് അതിര്‍ത്തിയില്‍ പരിഭ്രാന്തിയുണ്ടാക്കുന്നുവെന്ന വാദം കേരളം ഉയര്‍ത്തുന്നുണ്ട്. ഞായറാഴ്ച കേരള വനാതിര്‍ത്തിയില്‍ മേഘമലയിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചത്. ഇവിടെ ആക്രമണം നടത്തിയതായി അധികൃതരുടെ റിപ്പോര്‍ട്ടില്‍ ഇല്ല. എന്നാല്‍, മേഘമല ജനവാസ കേന്ദ്രങ്ങളില്‍ അരിക്കൊമ്പന് ആക്രമണം നടത്തുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുന്നതായി ചില മലയാള മാധ്യമങ്ങള്‍ നല്കിയ വാര്‍ത്ത അതേപടി ചില തമിഴ് മാധ്യമങ്ങളിലും വന്നത് പ്രശ്നം വഷളാക്കിയെന്നാണ് വാദം.
ഇതിനിടെയാണ് അരിക്കൊമ്പന് ബസിന് നേരെ ആഞ്ഞടുക്കുന്ന ചിത്രം പുറത്തു വരുന്നത്. ബസ് യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മേഘമലയില്‍ – ചിന്നമന്നൂര്‍ പാതയില്‍ മേഘമലയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് ബസ് യാത്രക്കാര്‍ അരിക്കൊമ്പനെ കണ്ടതെന്നാണ് സൂചന. കഴുത്തില്‍ കോളര്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ അരിക്കൊമ്പനാണ് ബസ്സിന് മുന്നിലുള്ളതെന്ന് യാത്രക്കാര്‍ക്ക് മനസ്സിലായിരുന്നു.ഇതെത്തുടര്‍ന്നാണ് ഇവര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തിയത്.മേഘമലയ്ക്ക് സമീപമാണ് ഇപ്പോള്‍ അരിക്കൊമ്പന് ഉള്ളതെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി ആനയെ കണ്ട പ്രദേശം ആനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമാണെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം.തീറ്റയും വെള്ളവും സുലഭമായി ലഭിക്കുന്നതാണ് ഇവിടെ ആനക്കൂട്ടങ്ങള്‍ തമ്പടിക്കാന്‍ കാരണം. നിലവില്‍ ഈ ഭാഗത്ത് തന്നെ അരിക്കൊമ്പന് ചൂുറ്റിക്കറങ്ങുന്നതായിട്ടാണ് റേഡിയോ കോളറില്‍ നിന്നും ലഭിച്ചിട്ടുള്ള സിഗ്നനലുകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുള്ളത്. അരിക്കൊമ്പന് തമിഴ്നാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങിയിട്ടും അതിന്റെ കഴുത്തിലെ റേഡിയോ കോളറില്‍നിന്നുള്ള സിഗ്നല്‍ ലഭിക്കാത്തതില്‍ കേരള വനംവകുപ്പിനെ വിമര്‍ശിച്ച് തമിഴ്നാട്.
ആനയുടെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്തത് പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കുന്നു. പെരിയാര്‍ കടുവാസങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തമിഴ്നാട് ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജനവാസമേഖലകളില്‍ അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടതോടെ വിനോദസഞ്ചരികള്‍ക്ക് ഇങ്ങോട്ടുള്ള യാത്രയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആന, ജനവാസമേഖലകളിലേക്ക് ഇറങ്ങാതിരുന്നത് ആശ്വാസമായി. മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടില്‍ ആന ഉണ്ടെന്ന നിഗമനത്തിലാണ് തമിഴ്നാട് വനംവകുപ്പ്.
കഴിഞ്ഞ ദിവസം അരിക്കൊമ്പനെത്തിയ സ്ഥലങ്ങളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മേഘമല, ഹൈവേയ്സ്, മണലാര്‍, മേല്‍മണലാര്‍, വെണ്ണിയാര്‍, മഹാരാജാമെട്ട്, ഇരവിങ്കലാര്‍ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടുചേര്‍ന്നതുമാണ്. കേരള അതിര്‍ത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പന് രണ്ടു തവണ പെരിയാറിലേക്ക് തിരിച്ചെത്തിയെങ്കിലും മൂന്നാംതവണ മേഘമലയില്‍ എത്തിയിട്ട് മടങ്ങുന്നില്ല.