തിരുവനന്തപുരം: നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിയമ പാസാക്കിയ ചില ബില്ലുകള്‍ ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്നും ഇത് വിസ്മരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പറഞ്ഞത്.നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വേദിയിലുണ്ടായിരുന്നു. കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ചൂണ്ടികാണിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ചത്.ലോകായുക്തയുമായി ബന്ധപ്പെട്ടതടക്കം ചില ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ ഗവര്‍ണര്‍ തടഞ്ഞിരുന്നു. ‘നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും കേരള നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്ന കാര്യവും അനുമതി കാര്യത്തില്‍ അനിശ്ചിതമായ കാലതാമസം ഉണ്ടാവുന്ന കാര്യവും വിസ്മരിക്കാനാവില്ല’ മുഖ്യമന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതിയാകുന്നതിന് മുമ്പ് പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ മമത സര്‍ക്കാരുമായി ഇടഞ്ഞ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞ് വെച്ചിരുന്നു.ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തില്‍ പുഷ്പിച്ച് നില്ക്കുന്ന ശിഖരമാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പറഞ്ഞു.രാജ്യത്തിന്റെ താത്പര്യം വരുമ്പോള്‍ രാഷ്ട്രീയത്തിന്റെ കണ്ണടമാറ്റിവെക്കണം. ജനാധിപത്യം മികച്ചതാവണമെങ്കില്‍ പ്രതിപക്ഷത്തേയും കേള്‍ക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍, കെഎസ് ചിത്ര അടക്കം കേരളം രാജ്യത്തിന് സംഭാവന ചെയ്ത പ്രതിഭകളെ ജഗദീപ് ധന്‍കര്‍ പേരെടുത്ത് പറഞ്ഞ് ഓര്‍മ്മിച്ചു. വിദ്യാഭ്യാസ രംഗത്തെ കേരള മികവിന്റെ ഗുണഭോക്താവാണ് താനെന്നും സൈനിക സ്കൂളില്‍ പഠിപ്പിച്ച മലയാളി അധ്യാപികയെ ഓര്‍മ്മിപ്പിച്ച് ഉപരാഷ്ട്രപതി പറഞ്ഞു.