സിനിമാ സര്ട്ടിഫിക്കേഷന് നിയമം കര്‍ശനമാക്കി സെന്‍സര്‍ ബോര്‍ഡ്. ബ്ലര്‍ ( അവ്യക്തമാക്കിയ) ചെയ്ത ദൃശ്യങ്ങളില്‍ അടക്കം മദ്യത്തിന്റെ ബ്രാന്‍ഡ് മനസിലാകുന്നുണ്ടെങ്കില്‍ അത്തരം സീനുകള്‍ നീക്കം ചെയ്യാനാണ് തീരുമാനം. അവ്യക്തമാക്കിയാലും 30 സെക്കന്‍ഡില്‍ കൂടുതലുള്ള വയലന്‍സ് രംഗങ്ങളും നീക്കം ചെയ്യും.മദ്യത്തിന്റെ ബ്രാന്‍ഡ് മനസിലാകുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നേരത്തെയുള്ളതാണ് , എന്നാല്‍ ബ്ലര്‍ (അവ്യക്തമാക്കിയ) ചെയ്തിട്ടും ബ്രാന്‍ഡ് വ്യക്തമാകുന്ന തരത്തിലുളള ദൃശ്യങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാലാണ് നിയമം കൂടുതല്‍ കര്‍ശനമാക്കിയതെന്ന് കേന്ദ്രസെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. മദ്യത്തിന്റെ പരസ്യം രാജ്യത്ത് നിയമം മൂലം നിരോധിച്ചതാണ് . അതിനാല്‍ തന്നെ ബ്രാന്‍ഡ് മനസിലാകുന്ന തരത്തിലുള്ള ഒരു ദൃശ്യങ്ങളും അനുവദിക്കില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അംഗം വ്യക്തമാക്കുന്നു . അതിന് അര്‍ത്ഥം മദ്യപിക്കുന്ന ദൃശ്യങ്ങള്‍ അനുവദിക്കില്ല എന്നല്ല , ബ്രാന്‍ഡിന്റെ പേരില്ലാത്ത കുപ്പികളില്‍ മദ്യം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കില്ല, സെന്‍സര്‍ ബോര്‍ഡ് അംഗം വിശദീകരിച്ചു.എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഫെഫ്ക കുറ്റപ്പെടുത്തി. ജാക്സണ് ബസാര്‍ യൂത്ത് എന്ന ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷനായി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചപ്പോള്‍ ബ്ലര്‍ ചെയ്ത ദൃശ്യങ്ങള്‍ ഇനി മുതല്‍ അനുവദിക്കില്ലെന്ന നിര്‍ദേശമാണ് ലഭിച്ചത്.ഈ വിഷയയത്തില്‍
ഫെഫ്കയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പ്രിയ അംഗങ്ങളെ ,
നമ്മുടെ സിനിമകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ചുമതലയുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സി.ബി.എഫ്.സി) ഒരു തീരുമാനം അനൗദ്യോഗികമായി എടുക്കുകയും , അത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന വളരെ അടിയന്തിര സ്വഭാവമുള്ള ഒരു വിവരം അറിയിക്കാനാണ് ഈ കത്ത് .സൗന്ദര്യാത്മകമായും സാങ്കേതികപരമായും നമ്മള് പരക്കെ ഉപയോഗിച്ചു വരുന്ന ബളര്‍ ( ദൃശ്യങ്ങളെ മങ്ങലോടെ കാണിക്കുക ) എന്ന സിനിമയുടെ എഡിറ്റിങ്ങ് ഭാഷാ പ്രയോഗത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഒരു തീരുമാനം വ്യക്തവും ലിഖിതവുമായ ഒരു ഉത്തരവില്ലാതെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് സ്വമേധയാ കൈക്കൊണ്ടിരിക്കുകയാണ്.വയലന്‍സ് ദൃശ്യങ്ങള്‍ , മദ്യപാന രംഗങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉള്ളതും എന്നാല്‍ അതിന്റെ തീവ്രത നേരിട്ട് പ്രേക്ഷകരെ കാണിക്കാന്‍ സംവിധായകര്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ ബ്ലര്‍ ചെയ്ത് കാണിച്ചുവരുന്ന സമ്പ്രദായത്തെ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല . ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന് പ്രസ്തുത വിഷയത്തിലുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കയും എതിര്‍പ്പുമറിയിച്ച് ഉത്തരവാദപ്പെട്ടവരുമായി ചര്‍ച്ച ചെയ്തുവരികയാണ്.നേരത്തെ തീരുമാനിക്കപ്പെട്ട റിലീസിങ്ങ് തിയ്യതിയുമായി സിനിമ സെന്‍സര്‍ ചെയ്യാന്‍ പോകുന്നവരാണ് നമ്മള് സംവിധായകര്‍ . പുതിയ സിനിമകളുമായി സെന്‍സറിങ്ങിന് സമീപിക്കുന്ന എല്ലാ സംവിധായകരും മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ അറിയണമെന്നും , ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും ഇതിനാല്‍ അറിയിക്കുന്നു.