ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷണ് ലൈംഗികാതിക്രമം നടത്തിയെന്ന് മൊഴി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് താരങ്ങള്‍ അടക്കം നാലുപേരാണ് ബ്രിജ് ഭൂഷണെതിരെ മൊഴി നല്‍കിയത്. ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷണ് മാറിടത്തിലും വയറിലും സ്പര്‍ശിച്ചെന്നാണ് മൊഴി.സമാനമായ രീതിയില്‍ ഓഫീസ് ഉള്‍പ്പെടെ എട്ടിടങ്ങളില്‍ ബ്രിജ്ഭൂഷണ് പെരുമാറിയെന്ന് മൊഴിയില്‍ പറയുന്നു. ഇത് തങ്ങള്‍ക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിലുണ്ട്.
ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം 14-ാം ദിവസവും തുടരുകയാണ്. വലിയ പ്രതിഷേധമുയര്‍ന്നിട്ടും ബ്രിജ്ഭൂഷണെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയ, സാമൂഹികരംഗത്തെ നിരവധിപേരാണ് താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തുന്നത്. സി.പി.ഐ ജനറല്‍ സെക്രട്ടറി എ. രാജ ഇന്ന് ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ എത്തിയിരുന്നു.