കെനിയ: ലോകത്തിലെ ഏറ്റവും പ്രായമുള്ള സിംഹങ്ങളില്‍ ഒന്നെന്ന് കരുതപ്പെടുന്ന കാട്ട് ആണ് സിംഹത്തിന്റെ മരണം കെനിയന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ കെനിയയിലെ അംബോസെലി നാഷണല്‍ പാര്ക്കിന് സമീപമുള്ള ഒല്‍കെലുനിയെറ്റ് ഗ്രാമത്തിലെ 19 വയസ്സുള്ള ലൂങ്കിറ്റോ എന്ന് വിളിക്കപ്പെടുന്ന സിംഹമാണ് കൊല്ലപ്പെട്ടത്. ലയണ്‍ ഗാര്‍ഡിയന്‍സ് എന്ന കണ്‍സര്‍വേഷന്‍ ഗ്രൂപ്പാണ് ലൂങ്കിറ്റോയെ തങ്ങളുടെ ആവാസവ്യവസ്ഥയിലെയും ആഫ്രിക്കയിലെയും ഏറ്റവും പ്രായം കൂടിയ ആണ് സിംഹമായി വിശേഷിപ്പിച്ചത്.
തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ലയണ്‍ ഗാര്‍ഡിയന്‍സ് ലൂങ്കിറ്റോയുടെ മരണം സ്ഥിരീകരിച്ചത്. മെയ് 10 -ന് ലൂങ്കിറ്റോയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി എന്നാണ് ലയണ്‍ ഗാര്‍ഡിയന്‍സ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. 2003 മുതല്‍ 2023 വരെയാണ് ഈ സിംഹത്തിന്റെ ജീവിത കാലയളവായി കണക്കാക്കപ്പെടുന്നത്. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായിരുന്ന ലൂങ്കിറ്റോയുടെ ജീവിതത്തിനും പാരമ്പര്യത്തിനും സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അഭിമാനം ഉണ്ടെന്നും ലയണ്‍ ഗാര്‍ഡിയന്‍സ് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
കാട്ടിലെ മിക്ക സിംഹങ്ങളും ഏകദേശം 13 വര്‍ഷം വരെ ജീവിക്കുമ്പോള്‍, ലൂങ്കിറ്റോ ആ ശരാശരിയെ മറികടന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളില്‍ ഒന്നായാണ് സിംഹങ്ങളെ കണക്കാക്കുന്നത്. മനുഷ്യനും സിംഹവും തമ്മിലുള്ള സംഘര്‍ഷങ്ങളിലാണ് കൂടുതല്‍ സിംഹങ്ങള്‍ക്കും ജീവന് നഷ്ടപ്പെടുന്നത്. കാട്ടില്‍ ഇരകള്‍ കുറവാകുമ്പോള്‍ ആണ് മനുഷ്യനും സിംഹവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നത്.
സിംഹങ്ങള്‍ നാട്ടില്‍ ഇറങ്ങി ഇര തേടാന്‍ ആരംഭിച്ചാല്‍ സാധാരണയായി ആക്രമണത്തിന് ഇരയാകുന്നത് കന്നുകാലികളും ആടുകളും ആണ് . ഇത് ജനവാസ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. എന്നാല്‍ വംശനാശം നേരിടുന്ന സിംഹങ്ങളെ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നാണ് വന്യജീവി സംരക്ഷകര്‍ അഭിപ്രായപ്പെടുന്നത്.