ബെയ്ജിംഗ്: ഓണ്‍ലൈന്‍ വീഡിയോകള്‍ ഭരണകൂടം സെന്‍സര്‍ ചെയ്യുന്നതിനാല്‍ ചൈനയിലെ ദാരിദ്ര്യത്തിന്റെ അളവ് എത്രമാത്രമാണെന്ന് രാജ്യത്തെ ജനങ്ങള്‍ പോലും അറിയുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. തന്റെ പെന്ഷന് തുക ഉപയോഗിച്ച് എന്തൊക്കെ പലചരക്ക് സാധനങ്ങളാണ് വാങ്ങാന്‍ സാധിക്കുന്നതെന്ന് വിവരിച്ച് കഴിഞ്ഞയിടയ്ക്ക് ഒരു സ്ത്രീ വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ അധികൃതര്‍ നീക്കം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയിലെ യുവാക്കള്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധികളെക്കുറിച്ചും മോശം സാമ്പത്തികസ്ഥിതിയെക്കുറിച്ച് അവര്‍ക്കുള്ള നിരാശയെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ട് ഒരു ഗായകന് വീഡിയോ തയ്യാറാക്കിയിരുന്നു. ഞാനെന്റെ മുകം ദിവസവും കഴുകുന്നു, അതിലും വൃത്തിയുള്ളതാണ് എന്റെ പോക്കറ്റ്, ശൂന്യമാണത് എന്നായിരുന്നു ആ പാട്ടിന്റെ വരികള്‍. ഈ പാട്ട് നിരോധിക്കുകയും അയാളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു എന്നും ന്യായോര്‍ക് ടൈംസ് പറയുന്നു.
പൊതുജനങ്ങളുടെ പുരോഗതി ലക്ഷ്യമിടുന്ന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ് തങ്ങളുടേതെന്നാണ് ചൈന അവകാശപ്പെടുന്നത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ചൈന സമഗ്ര വിജയം നേടി എന്ന് 2021ല്‍ ഷി ജിന്‍പിംഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും രാജ്യത്ത് പലരും ദരിദ്രരായി തുടരുന്ന സ്ഥിതിവിശേഷമാണുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കുള്ള സാധ്യതകള്‍ മങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഭാവിയെക്കുറിച്ചുള്ള ആശങ്ക ജനങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
നിരാശജനകമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും സാമ്പത്തിക ധ്രുവീകരണത്തിന് പ്രേരിപ്പിക്കുന്നതും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയെ നശിപ്പിക്കുന്നതുമായ വീഡിയോകളോ പോസ്റ്റുകളോ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചൈനയിലെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷന് രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊട്ടിഘോഷിക്കുന്ന ഒന്നാണ് അവിടുത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജനം. എന്നാല്‍, സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുമ്പോഴും സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ദരിദ്രരായവരുടെ അവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും മുഖം തിരിക്കുന്ന സമീപനമാണ് ചൈനയുടേത്.