തനിക്കായി സീറോ ട്രാഫിക് പ്രോട്ടോക്കോൾ പിൻവലിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടു.ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിർദേശം നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
എന്റെ വാഹന സഞ്ചാരത്തിനുള്ള ‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ തിരിച്ചെടുക്കാൻ ഞാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘സീറോ ട്രാഫിക്’ കാരണം നിയന്ത്രണങ്ങളുള്ള പാതയിലൂടെ യാത്ര ചെയ്യുന്നവർ നേരിടുന്ന പ്രശ്നങ്ങൾ ഞാൻ കണ്ടാണ് അതിനാലാണ് ഞാൻ ഈ തീരുമാനം എടുത്തത്.- ട്വിറ്ററിൽ കുറിച്ചു.
കർണാടക മുഖ്യമന്ത്രിയായി ശനിയാഴ്ചയാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.