ഇതാണ് എന്റെ കേരള സ്റ്റോറി (#MyKeralaStory) എന്ന ഹാഷ്ടാഗിൽ ശശി തരൂരിന്റെ ട്വീറ്റ് പങ്കുവെച്ച് ഓസ്കാർ ജേതാവും സൗണ്ട് എഡിറ്ററുമായ റസൂൽ പൂക്കുട്ടി. എല്ലാ കഥക്കും മറ്റൊരു ആഖ്യാനം ഉണ്ടാകും. എന്നാൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വഴി ഭാവി തലമുറക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രവചിക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തിന്റെ കഥയെന്ന് രേഖപ്പെടുത്തി ശശി തരൂർ പങ്കുവെച്ച ട്വീറ്റ് ഷെയർ ചെയ്യുമ്പോഴാണ് റസൂൽ പൂക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. കലാകാരന്മാർ എന്ന നിലയിൽ കലയെക്കുറിച്ച് പഠിക്കുമ്പോഴും ഗവേഷണം നടത്തുമ്പോഴും പരിശീലിപ്പിക്കുമ്പോഴും കൂടുതൽ ഉത്തരവാദിത്വം ഉള്ളവരായിരിക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി. എന്താണ് പറയേണ്ടത് എന്നതിലും ഉത്തരവാദിത്വം വേണമെന്ന് പൂക്കുട്ടി കൂട്ടിച്ചേർത്തു
ഇതിനിടെ, സാമ്പത്തിക നഷ്ടത്തെ തുടർന്ന് ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തമിഴ്നാട്ടിൽ നിർത്താൻ തീരുമാനം. റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ പ്രദർശനം വേണ്ടെന്ന് തിയറ്റർ ഉടമകൾ തീരുമാനിച്ചു. മാളുകളിലും തീയറ്ററുകളിലും ഇന്നത്തോടെ പ്രദർശനം നിർത്തി. സിനിമ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടവും ക്രമ സമാധാനയിലയും കാരണമാണ് പ്രദർശനം അവസാനിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് തിയറ്റർ ഉടമകൾ വ്യക്തമാക്കി