ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി കൊച്ചിയില്‍ നടന്ന ദി കേരള സ്റ്റോറിയുടെ പ്രിവ്യൂ കണ്ട് നടനും ബിജെപി അനുഭാവിയുമായ ഷിബു തിലകന്. സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഷിബു തിലകന് പറയുന്നു. തനിക്ക് ക്ഷണം ലഭിച്ചതിനാലാണ് പ്രദര്‍ശനത്തിനെത്തിയത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും അദ്ദേഹം പ്രതികരിച്ചു.
നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ചിത്രത്തിലുള്ളതെന്ന് ഷിബു തിലകന് പറയുന്നു. പണ്ട് ഉണ്ടായിരുന്ന കേരളം ഇനിയും നിലനില്ക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. ഇതേ ആഗ്രഹമുള്ളവരെല്ലാം ചിത്രം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന് തിലകന്റെ മകന് കൂടിയാണ് ഷിബു തിലകന്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി എറണാകുളം ഷേണായീസ് തീയേറ്ററിലാണ് ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടന്നത്. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സിനിമ കണ്ടു.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊച്ചിയില്‍ പ്രിവ്യൂ ഷോ ഒരുക്കിയതെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പ്രിവ്യൂ നടന്നത്. കേരളത്തില്‍ നടക്കുന്ന ആദ്യ പ്രിവ്യൂ ആണിതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ ഷൈജു കെ എസ് ഉള്‍പ്പെടെയുള്ളവര്‍ സിനിമ കണ്ടു.