കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് തടഞ്ഞ് പി.വി. ശ്രീനിജന് എം.എല്‍.എ. സ്പോര്‍ട്സ് കൗണ്‍സിലിന് വാടകനല്‍കിയില്ലെന്ന് പറഞ്ഞാണ് എം.എല്‍.എ. സെലക്ഷന് ട്രയല്‍സ് തടഞ്ഞത്. അണ്ടര്‍ 17 സെലക്ഷന് ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്കൂളിന്റെ ഗേറ്റ് എം.എല്‍.എ. അടച്ചുപൂട്ടുകയായിരുന്നു. എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാണ് കൂടിയാണ് എം.എല്‍.എ.
സിലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ, സിലക്ഷനായെത്തിയ നൂറിലധികം കുട്ടികള്‍ ഒരു മണിക്കൂറോളം സമയം ഗേറ്റിനു പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കേരള ബ്ലാസ്റ്റേഴ്സ് ടീം നല്‍കാനുള്ള വാടക കുടിശ്ശികയിനത്തില്‍ എട്ട് ലക്ഷത്തിലേറെ രൂപ നല്‍കാനുണ്ട്. ഇത് നല്‍കിയില്ലെന്ന് പറഞ്ഞാണ് എം.എല്‍.എ. സ്കൂള്‍ ഗേറ്റ് പൂട്ടിയത്.
പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗൗണ്ടിലാണ് സിലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെ പൂട്ടിയിട്ട ഗേറ്റ് അധികൃതരെത്തി തുറന്നുകൊടുത്തു. കായികമന്ത്രി വി.അബ്ദുറഹിമാന് ഉള്‍പ്പെടെ ഇടപെട്ടതോടെ കോര്പറേഷന് കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തിയാണ് ഗേറ്റു തുറന്നത്. വാടക കൃത്യമായി നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും പി.വി.ശ്രീനിജന് എംഎല്‍എയുടെ നടപടിയെ തള്ളിപ്പറഞ്ഞു. അതേസമയം, അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് എംഎല്‍എ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എംഎല്‍എ പറഞ്ഞു.