കേരളാ സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും പ്രതിഷേധം. എസ്ഡിപിഐയുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയിൽ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാൽ മാളിൽ കേരള സ്റ്റോറി പ്രദർശനം നിർത്തിവച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് പ്രദർശനം നിർത്തിയത്. പ്രശ്ന സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ രണ്ട് ഷോകൾ നടത്തിയിരുന്നു.
അതേസമയം, ‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
‘തീവ്രവാദം ഇപ്പോൾ പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്, ആയുധങ്ങളും ബോംബുകളും മാത്രമല്ല ഉപയോഗിക്കുന്നത്. സമൂഹത്തെ ഉള്ളിൽ നിന്നും തകർക്കുകയാണ്. തീവ്രവാദം കേരള സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി. ഈ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് തീവ്രവാദത്തെ സഹായിക്കുകയാണ് കോൺഗ്രസ്’ നരേന്ദ്ര മോദി പറഞ്ഞു. ബെല്ലാരിയിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.