ചണ്ഡീഗഢ്: പഞ്ചാബ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് തീവ്രത കുറഞ്ഞ സ്ഫോടനം നടന്നത്. പ്രദേശത്ത് അഞ്ചുദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ സ്ഫോടനമായിരുന്നു ഇത്. മേയ് ആറാം തീയതിയാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. രണ്ടാമത്തെ സ്ഫോടനം തിങ്കളാഴ്ചയും. മേയ് ആറാം തീയതിയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിലും ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹെറിറ്റേജ് സ്ട്രീറ്റില്‍നിന്ന് രണ്ടു കിലോമീറ്ററോളം അകലെയാണ് ഇന്നു പുലര്ച്ചെസ്ഫോടനമുണ്ടായത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐ.എ.) യും പഞ്ചാബ് പോലീസും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്നും സ്ഫോടനത്തിനു പിന്നിലെ ലക്ഷ്യം കണ്ടെത്തുമെന്നും പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.