തിരുവനന്തപുരം: 2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസര്‍വ് ബാങ്കിന്റെ തീരുമാനമാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്. റിസര്‍വ് ബാങ്ക് ഒരു സ്വതന്ത്ര സംവിധാനമാണ്. നോട്ട് നിരോധനം സ്വാഭാവിക നടപടിയാണ്. കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും വി. മുരളീധരന് പറഞ്ഞു. അതേസമയം സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്ന തീരുമാനമാണ് നോട്ട് നിരോധനമെന്നായിരുന്നു മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വിമര്‍ശനം.ഇന്നലെ വൈകീട്ടാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിര്‍ത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ നോട്ട് കൈവശമുള്ളവര്‍ക്ക് 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. മേയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്.ബി.ഐ വ്യക്തമാക്കിയത്. നിലവില്‍ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാല്‍, 2000 നോട്ടിന്റെ അച്ചടി 2018-2019 കാലയളവില്‍ നിര്‍ത്തിയിരുന്നു. കറന്‍സി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഇപ്പോള്‍ ആര്.ബി.ഐ വിശദീകരണം.