തിരുവനന്തപുരം: ക്യാമറ വിവാദത്തില്‍ വിശദീകരണവുമായി പ്രസാഡിയോ രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കും. ലൈറ്റ് മാസ്റ്റര്‍ എംഡി ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയില്‍ ചെയ്തത് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏല്പിച്ച ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കിയെന്നും പ്രസാഡിയോ പറഞ്ഞു.
കണ്‍സോര്‍ഷ്യം സൂം മീറ്റിംഗില്‍ പ്രസാഡിയോ ഡയറക്ടര്‍ രാംജിത്തിനൊപ്പം മറ്റൊരാള്‍ കൂടി പങ്കെടുത്തെന്ന് ലൈറ്റ് മാസ്റ്റര്‍ എംഡി ജെയിംസ് പാലമുറ്റം ന്യൂസ് അവറില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അഭ്യുദയകാംക്ഷിയെന്നാണ് രാംജിത്ത് പറഞ്ഞതെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും ജെയിംസ് പാലമുറ്റം ന്യൂസ് അവറില്‍ പറഞ്ഞു. ‘ഏഴ് പേരാണ് സൂം മീറ്റില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മാത്രം മിണ്ടാതെ ഇരുന്നു. അയാളെക്കുറിച്ച് ചോദിച്ചപ്പോള്‍ കൈ വീശിക്കാണിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് രാംജിത്താണ് പറഞ്ഞത് അത് ഒരു വെല്‍വിഷറാണ് കുഴപ്പമില്ല എന്ന്. അതില്‍ കൂടുതല്‍ എനിക്കറിയില്ല. പേര് പറഞ്ഞില്ല.’ എന്നായിരുന്നു ജയിംസ് പാലമുറ്റത്തിന്റെ വെളിപ്പെടുത്തല്‍.