പതനഞ്ചുകാരന് പയ്യന് നന്നായി പഠിക്കുകയൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ മാതാപിതാക്കളെ അനുസരിക്കില്ല. വെളുപ്പിന് മൂന്നുമണിവരെയൊക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കും. മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ പിതാവിനെ ആക്രമിച്ചു. അമ്മയ്ക്കിട്ട് രണ്ടെണ്ണവും കൊടുത്തു. രക്ഷയില്ലാതായപ്പോള്‍ അവര്‍ അവനെ ഡീ – അഡിക്ഷന് സെന്ററിലാക്കി.
അഞ്ചു പത്തും കുട്ടികളാണ് ഇത്തരത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ കണ്ണൂരിലെ ഒരു ഡീ- അഡിക്ഷന് സെന്ററില്‍ എത്തിയത്.
സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗം കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇത് അവരുടെ മാനസിക വളര്‍ച്ചയെയും ശാരീരിക വളര്‍ച്ചയെയും ബാധിക്കുന്നു. കാരണം കുട്ടികള്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ കൂടുതലായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ കുട്ടികളുടെ കൈകളില്‍ മൊബൈല്‍ ഫോണുകളാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കും. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തിലൂടെ ഉറക്കക്കുറവ്, ക്ഷോഭം, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. തല വേദന, കാഴ്ചക്കുറവ്, കണ്ണിന് വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. രക്ഷിതാക്കള്‍ കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്നത് കുട്ടികളെ സ്വാധീനിക്കുമെന്നതിനാല്‍ അതില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മനഃശ്ശാസ്ത്രജ്ഞര്‍ പറയുന്നു.
ഫോണിനായി വാശിപിടിക്കുന്ന കുട്ടികളെ ശകാരിക്കുന്നതിനു പകരം കുട്ടികളോട് സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. മിക്ക രക്ഷിതാക്കളും ശകാരിക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഇങ്ങനെ വഴക്ക് പറയുമ്പോള്‍ കുട്ടികളില്‍ അക്രമവാസനയുണ്ടാകാം.