ഡോ. വന്ദനയുടെ മരണവാര്‍ത്തയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കോട്ടയം കടുത്തുരുത്തിയിലെ മുട്ടുചിറ നിവാസികള്‍. ഡോക്ടര്‍ ആവണമെന്ന സ്വപ്നം പൂര്‍ത്തീകരിച്ചതിന് തൊട്ടു പിന്നാലെയാണ് വന്ദന കൊലക്കത്തിക്ക് ഇരയായത്. മരണ വാര്‍ത്ത ഉള്‍കൊള്ളാന്‍ ബന്ധുകള്‍ക്കും നാട്ടുകാര്‍ക്കും ഇനിയുമായിട്ടില്ല.
ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കിയായിരുന്നു വന്ദന. ഡോക്ടര്‍ ആവണമെന്ന സ്വപ്നം നെഞ്ചോട് ചേര്‍ത്താണ് വന്ദന വളര്‍ന്നതും. ഒടുവില്‍ വര്‍ഷങ്ങളെടുത്ത് പഠിച്ച് ഡോക്ടര്‍ എന്ന പ്രൊഫഷനിലേക്കെത്തിയപ്പോള്‍ വീടിന് മുന്നില്‍ നെയിം പ്ലേറ്റുയര്‍ന്നു, ‘ഡോ.വന്ദന എംബിബിഎസ്’. സ്വപ്നങ്ങള്‍ അവശേഷിപ്പിച്ചുമടങ്ങിയ വന്ദനയുടെ വീടിന് മുന്നില്‍ അനാഥമായി ഈ ബോര്‍ഡ് കിടക്കും.
സ്കൂള്‍ കാലം മുതല്‍ ആതുര സേവന രംഗത്ത് താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയ വന്ദനക്ക് സ്വപ്നദൂരം താണ്ടാന്‍ താങ്ങായത് അച്ഛന് മോഹന്‍ ദാസും അമ്മ ബിന്ദുവുമാണ്. ഈ കുടുംബത്തിന് താങ്ങാവേണ്ടിയിരുന്ന ഏക മകളാണ് കൊടും ക്രൂരതയുടെ കത്തി മുനയില്‍ ഇല്ലാതായത്. കഴിഞ്ഞ മാസം ഉത്സവത്തിനു നാട്ടില്‍ വന്നു പോയതാണ് വന്ദന. അടുത്ത ആഴ്ച കാണാമെന്നു യാത്ര പറഞ്ഞു പോയ വന്ദനയുടെ ചേതനയറ്റ ശരീരമാണ് ഇനി വീട് ഏറ്റു വാങ്ങേണ്ടത്. അടുത്ത വരവിന് ഡോക്ടറായ വന്ദനക്ക് എസ്എന്‍ഡിപി യോഗം വലിയ സ്വീകരണവും ഒരുക്കി വച്ചിരിക്കുകയായിരുന്നു. പ്രിയപെട്ടവള് ഇനിയില്ലെന്ന ദുഃഖസത്യം ഈ നാടിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.