തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്ന വാര്‍ത്ത റിപോര്‍ട്ട് ചെയ്ത മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിന് എതിരെ കേസെടുത്തതില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു. വാര്‍ത്ത ജനങ്ങളെ അറിയിക്കുക എന്ന തൊഴില്‍ ഉത്തരവാദിത്തമാണ് മാതൃഭൂമി ന്യൂസ് ചെയ്തത്. അതിന്റെ പേരില്‍ പ്രതിയുമായി വന്ന പോലീസ് സംഘത്തെ തടഞ്ഞു, തെളിവ് നശിപ്പിച്ചു, കൃത്യ നിര്‍വഹണം തടസപ്പെടുത്തി തുടങ്ങി ജാമ്യം ഉള്ളതുമില്ലാത്തതുമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
പ്രതിയുമായുള്ള യാത്രയും അതിലെ സുരക്ഷാവീഴ്ചയും റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ റിപോര്‍ട്ടര്‍, ക്യാമറാമാന്, ചാനല്‍ വാഹന ഡ്രൈവര്‍ എന്നിവരുടെ മൊബൈലും പൊലീസ് അന്യായമായി പിടിച്ചെടുത്തു. ഇത്തരം നടപടികള്‍ കേരളത്തില്‍ മുമ്പുണ്ടാകാത്തതാണ്.മാധ്യമ സാക്ഷരത കൂടുതലുള്ള കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. മാധ്യമ പ്രവര്‍ത്തകരുടെ കൃത്യ നിര്‍വഹണമാണ് ഇവിടെ തടഞ്ഞിരിക്കുന്നത്. കേരളത്തിന് കൂടി നാണക്കേടായ ഈ കേസ് പിന്‍വലിക്കണമെന്നും ഇതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര് കിരണ്‍ബാബുവും ആവശ്യപ്പെട്ടു.