കോട്ടയം: മരിച്ച ഡോ. വന്ദനയുടെ അമ്മയെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വന്ദനക്ക് ആദരാഞ്ജലിയര്‍പ്പിക്കാനായി മന്ത്രി കോട്ടയത്തെ വീട്ടിലെത്തിയപ്പോഴായിരുന്നു വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനക്ക് ഇന്നലെ പുലര്‍ച്ചെയാണ് കുത്തേറ്റത്. വൈദ്യപരിശോധനക്ക് എത്തിച്ചയാള്‍ പ്രകോപിതനായി സര്‍ജിക്കല്‍ കത്രികകൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വന്ദനയുടെ കൊലപാതകത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ സാജന് മാത്യൂവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.