തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണശാലയിലെ തീപിടുത്തതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ ആശുപത്രികളിലുള്ള ബ്ലീച്ചിങ്ങ് പൗഡറിന്റെ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കാരുണ്യ ഫാര്‍മസികള്‍ വഴി വിതരണം ചെയ്ത 59 ബാച്ച് ബ്ലീച്ചിങ്ങ് പൗഡറിന്റെ ഉപയോഗമാണ് വിലക്കിയത്. ബാന്‍കേ ബഹരി കെമിക്കല്‍സ്, ഷണ്മുഖ സാള്‍ട്ട് ആന്‍ഡ് കെമിക്കല്‍, പാര്‍ക്കിന്‍സ് എന്ന്റര്പ്രൈസ്, കാവേരി എന്നിവയുടെ ബാച്ചുകള്‍ക്കാണ് നിരോധനം.
തീപിടുത്തത്തിന് കാരണം ബ്ലീച്ചിങ്ങ് പൗഡറാണെന്ന് കണ്ടെത്തിയതോടെയാണ് നിരോധനം. ഒരുവിധ ശാസ്ത്രീയ പരിശോധന ഫലറിപ്പോര്ട്ടും വരുന്നതിന് മുന്നേയാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 10,000 മുതല്‍ 20,000വരെ കിലോ അടങ്ങുന്നതാണ് ഒരു ബാച്ച്. ഒരാഴ്ച്ച മുമ്പ് എത്തിയവയും ഇതില്‍പെടും. കാര്ട്ടന് ബോക്സുകളിലെത്തിച്ച ബ്ലീച്ചിങ് പൗഡറിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇവ ചാക്കികളിലാണ് വന്നിരുന്നത്. 2025 മാര്‍ച്ച്വരെ കാലാവധിയുള്ള ബ്ലീച്ചിങ്ങ് പൗഡറാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. തീപിടുത്തത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വന്ന ഉടന്‍ തന്നെ ഉണ്ടായ നിരോധനത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ക്രിന്ഫ്രാ പാര്‍ക്കിലെ ഗോഡൗണിലെ തീപ്പിടിത്തം സംബന്ധിച്ച് അഗ്നിരക്ഷാവിഭാഗം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ഒരു സുരക്ഷാസംവിധാനവുമൊരുക്കാതെ രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. തീയണയ്ക്കുന്നതിനിടെ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് മരിച്ചതിലും റിപ്പോര്‍ട്ട് നല്‍കും.