ഡല്‍ഹി സര്‍വകലാശാലയിലെ പിജി പുരുഷ ഹോസ്റ്റലിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് സര്‍വകലാശാല അധികാരിയുടെ നോട്ടീസ്. കഴിഞ്ഞ വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് സര്‍വകലാശാലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെന്‍സ് ഹോസ്റ്റല്‍ സന്ദര്‍ശിക്കുകയും ചില വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവരുമായി ഉച്ചഭക്ഷണവും പങ്കിട്ടുകഴിച്ചു. ഇതാണ് അധികൃതരെ ചൊടിപ്പിച്ച
‘ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം അന്തസ്സിന് നിരക്കാത്തതാണ്’ എന്ന് നോട്ടീസില്‍ പറയുന്നു. സംഭവം അതിക്രമത്തിനും നിരുത്തരവാദപരമായ പെരുമാറ്റത്തിനും തുല്യമാണെന്ന് യൂണിവേഴ്സിറ്റി പ്രോവോസ്റ്റ് കെപി സിംഗ് ഗാന്ധിക്ക് അയച്ച രണ്ട് പേജുള്ള കുറിപ്പില്‍ പറയുന്നു.
ഭാവിയില്‍ അത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. മൂന്ന് വാഹനങ്ങള്‍ സഹിതം ഹോസ്റ്റല്‍ പരിസരത്തേക്ക് ഗാന്ധിയുടെ ‘അപ്രതീക്ഷിതമായ പ്രവേശനം’ ഹോസ്റ്റലിലെ നിര്‍ദിഷ്ട നിയമങ്ങള്‍ ലംഘിച്ചതായി പ്രൊവോസ്റ്റ് പറഞ്ഞു.
അറിയിപ്പില്‍, പ്രൊവോസ്റ്റ് ഹോസ്റ്റലിന്റെ വിവരങ്ങളുടെയും നിയമങ്ങളുടെയും ഹാന്‍ഡ്ബുക്കിന്റെ റൂള്‍ 15.13 ഉദ്ധരിച്ചു: ‘ഹോസ്റ്റല്‍ പരിസരത്ത് അക്കാദമിക്, റസിഡന്റ്സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള ഒരു പ്രവര്‍ത്തനത്തിലും ഒരു താമസക്കാരനും ഏര്‍പ്പെടരുത്.’
‘06.05.2023ന് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ആന്‍ഡ് പ്രോക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഹോസ്റ്റലിന്റെ മാനേജ്മെന്റ് കമ്മിറ്റി, ഇസഡ് സുരക്ഷയുള്ള ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം അന്തസ്സിന് നിരക്കാത്തതാണെന്ന് ഏകകണ്ഠമായി നിലപാടെടുത്തു’ നോട്ടീസില്‍ പരാമര്‍ശിച്ചു.
‘നിര്‍ദ്ദിഷ്ട നിയമങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന ഏതൊരു പ്രവര്‍ത്തനവും നിര്‍ത്താനുള്ള അവകാശം ഹോസ്റ്റലിന്റെ അഡ്മിനിസ്ട്രേഷനില്‍ നിക്ഷിപ്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹോസ്റ്റലില്‍ ശരിയായ അച്ചടക്കം പാലിക്കുന്നതിന്റെ ഒരു പ്രധാന ഭാഗമായി, ഇത് ഹാന്‍ഡ്ബുക്ക് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റൂള്‍സ് ഓഫ് ദ ഹോസ്റ്റല്‍ 15.13ല്‍ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്’ നോട്ടീസില്‍ പറയുന്നു.
അതിനിടെ, അതിക്രമവും നിരുത്തരവാദപരമായ പെരുമാറ്റവും നടത്തിയ സംഭവത്തെ ഹോസ്റ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാനും മറ്റ് അംഗങ്ങളും അപലപിച്ചു. ‘കൂടാതെ, ഇത്തരമൊരു സംഭവം ആ സമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന എല്ലാ വ്യക്തികളെയും ഗുരുതരമായ അപകടസാധ്യതയിലേക്ക് നയിച്ചു. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, നിങ്ങള്‍ അത്തരം അനിഷ്ടകരമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്, ഹോസ്റ്റല്‍ താമസക്കാരുടെയും ജീവനക്കാരുടെയും അധികാരികളുടെയും സുരക്ഷിതത്വത്തിനും വേണ്ടി’ കുറിപ്പില്‍ പറയുന്നു.
നേരത്തെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസത്തിന് ശേഷം ശനിയാഴ്ച, ഡല്‍ഹി സര്‍വകലാശാല വിഷയത്തില്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അപ്രതീക്ഷിതവും അനധികൃതവുമായ പ്രവേശനം ഹോസ്റ്റല്‍ അന്തേവാസികള്‍ക്കും നേതാവിനും ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍വകലാശാല അധികൃതര്‍ സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.